ചൈൽഡ് ലൈൻ പ്രവർത്തനം അവസാനിച്ചു; ഇന്നുമുതൽ ചൈൽഡ് ഹെൽപ് ലൈൻ
text_fieldsമലപ്പുറം: കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നിലകൊണ്ട ചൈൽഡ് ലൈനിന്‍റെ പ്രവർത്തനം അവസാനിച്ചു. ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒക്ക് കീഴിൽ സ്വതന്ത്ര സംവിധാനമായി പ്രവർത്തിച്ചിരുന്ന ചൈൽഡ് ലൈനിൽ കാതലായ മാറ്റങ്ങളാണ് വരുത്തിയത്. ചൊവ്വാഴ്ച മുതൽ ചൈൽഡ് ഹെൽപ് ലൈൻ എന്ന പേരിലായിരിക്കും പ്രവർത്തനം. എന്നാൽ, നിലവിലെ ജീവനക്കാരെയടക്കം നിലനിർത്തുന്ന കാര്യത്തിൽ വ്യക്തതയായില്ല. ഇതുസംബന്ധിച്ച തീരുമാനം ചൊവ്വാഴ്ച അറിയാം.
‘മിഷൻ വാത്സല്യ’ക്ക് കീഴിൽ സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ അധികാര പരിധിയിലാണ് ‘ചൈൽഡ് ഹെൽപ് ലൈൻ’ പ്രവർത്തിക്കുക. കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയത്തിന് കീഴിലായിരുന്നു ചൈൽഡ് ലൈൻ. ഇനി കലക്ടറുടെ മേൽനോട്ടത്തിലുള്ള ജില്ല ശിശു സംരക്ഷണ യൂനിറ്റായിരിക്കും ജില്ലയിലെ കുട്ടികളുടെ സേവന വിതരണവും പരിചരണവും സംരക്ഷണവും ഉറപ്പാക്കാനുള്ള നോഡൽ ഏജൻസി.
ചൈൽഡ് ഹെൽപ് ലൈനിലേക്ക് വിളിക്കുന്ന കോളുകൾ ഇനി ചെന്നൈയിൽ പോകുന്നതിന് പകരം തിരുവനന്തപുരത്തെ നിയന്ത്രണ മുറിയിൽ എത്തും. അടിയന്തരഘട്ടങ്ങളിൽ പൊലീസ് സഹായത്തിന് 112ൽ വിളിക്കാം. ദുരിതമനുഭവിക്കുന്ന കുട്ടിക്കോ കുട്ടികളെ പ്രതിനിധാനം ചെയ്യുന്ന ആൾക്കോ 1098 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം.
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സിഡാക്) ആണ് സംവിധാനം ഒരുക്കുന്നത്. ജില്ലകളിൽ ശിശുസംരക്ഷണ യൂനിറ്റിലാണ് (സി.പി.യു) ചൈൽഡ് ഹെൽപ് ലൈൻ ഓഫിസ് പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.