അമ്മയോട് പിണങ്ങി വീടുവിട്ട കുട്ടി നാടിനെ മുൾമുനയിലാക്കിയത് ആറ് മണിക്കൂർ
text_fieldsപന്തളം: അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ 15 കാരൻ നാടിനെ മുൻമുനയിൽ നിർത്തിയത് ആറു മണിക്കൂറോളം. അമ്മയുടെ പണം എടുത്തതിന് വഴക്കു പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ പത്താംക്ലാസ് വിദ്യാർഥിയെയാണ് ആറുമണിക്കൂറിന് ശേഷം മാന്നാറിൽനിന്ന് കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 11ന് അമ്മയുടെ കൈവശമുണ്ടായിരുന്ന 1000 രൂപ എടുത്തതിനെ ചൊല്ലി വഴക്കുണ്ടാക്കി വീട്ടിൽനിന്നും പിണങ്ങിപ്പോയതാണ്. സൈക്കിളിൽ ആണ് പോയത്. കുട്ടിയെ കാണാതായതോടുകൂടി രക്ഷിതാക്കൾ പന്തളം പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവം അറിഞ്ഞൂടൻ പന്തളം എസ്.ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന ആരംഭിച്ചു. അന്വേഷണത്തിൽ കാര്യമായ പുരോഗതി കണ്ടെത്താനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം സിവിൽ പൊലീസ് ടീമിനെ ഉൾപ്പെടുത്തി അഞ്ച് ഗ്രൂപ്പായി തിരിച്ചു. സിവിൽ പൊലീസ് ഓഫിസർമാരായ അബീഷ്, അൻവർ ഷ, വിഷ്ണു, വിപിൻ, ഹരികൃഷ്ണൻ, അഖിൽ, മനു എന്നിവർ അടങ്ങുന്ന അഞ്ച് ടീമുകളെ വിവിധ പ്രദേശങ്ങളിലായി പരിശോധന വ്യാപിപ്പിച്ചു.
നിരവധി സി.സി.ടി.വി കാമറകളും പരിശോധന വിധേയമാക്കി. കുട്ടിയെ വൈകിയും കണ്ടെത്താൻ കഴിയാതിരുന്നതോടെ നവമാധ്യമങ്ങളെയും പൊലീസ് ആശ്രയിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും കുട്ടിയെ കാണാതായി വിവരം പരസ്യപ്പെടുത്തി. ഒടുവിൽ വൈകീട്ട് അഞ്ചരയോടെ മാന്നാറിലെ ഓട്ടോ സ്റ്റാൻഡിൽ കുട്ടി നിൽക്കുന്നത് കണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരാണ് പന്തളം പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് മാന്നാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. രാത്രിയോടെ പന്തളത്ത് എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.