കുട്ടികളുടെ നഗ്നചിത്രം: സംസ്ഥാനത്ത് 28 പേർ അറസ്റ്റിൽ, 370 കേസുകൾ
text_fieldsതിരുവനന്തപുരം: സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ െഎ.ടി പ്രഫഷണലുകൾ ഉൾപ്പെടെ 28 പേര്‍ അറസ്റ്റിൽ. ഓപറേഷൻ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകളും രജിസ്റ്റർ ചെയ്തു.
കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാൻ ജില്ല പൊലീസ് മേധാവികളുടെ നേതൃത്വത്തിൽ 310 അംഗസംഘം ഞായറാഴ്ച പുലർച്ചയാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു. 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ്, ലാപ്ടോപ്, കമ്പ്യൂട്ടര്‍ എന്നിവ ഉള്‍പ്പെടെ 429 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളുമുള്ള ഉപകരണങ്ങളാണിവ.
ഇവയില്‍ പലതിലും അഞ്ചിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. അറസ്റ്റിലായവരിൽ പലരും ഐ.ടി മേഖലയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്. അതിനാൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവര്‍ ദൃശ്യങ്ങള്‍ അയച്ചിരുന്നതും സ്വീകരിച്ചിരുന്നതും. ഉപകരണങ്ങളില്‍നിന്ന് ലഭിച്ച ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്ന് പലരും കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കാനുള്ള നിരവധി ടെലിഗ്രാം, വാട്സ്ആപ് ഗ്രൂപ്പുകളും റെയ്ഡില്‍ കണ്ടെത്തി.
പൊലീസ് റെയ്ഡ് വ്യാപകമാക്കിയതോടെ വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ ദൃശ്യങ്ങള്‍ കണ്ടശേഷം ആധുനിക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ അവ മായ്ച്ചുകളയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ കാണുന്ന ഫോണുകള്‍ മൂന്നുദിവസത്തിലൊരിക്കല്‍ ഫോര്‍മാറ്റ് ചെയ്യുന്നുമുണ്ട്. കുട്ടികളുമായുള്ള ലൈംഗികദൃശ്യങ്ങള്‍ പണം നല്‍കി ലൈവായി കാണാന്‍ അവസരമൊരുക്കുന്ന ലിങ്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ ഡോം, കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ സെൻറര്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ നിരീക്ഷണങ്ങളെ തുടര്‍ന്നാണ് റെയ്ഡ് സംഘടിപ്പിച്ചത്.
കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ചുവര്‍ഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രൂപ്പുകളും ചാനലുകളും ശ്രദ്ധയിൽപെടുന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് മനോജ് എബ്രഹാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.