കുട്ടികളുടെ അശ്ലീല വിഡിയോ: ആറുപേർ അറസ്റ്റിൽ, 23 പേർക്കെതിരെ കേസ്
text_fieldsആലുവ: ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറൽ ജില്ലയിൽ ആറുപേരെ അറസ്റ്റ് ചെയ്തു. 23 പേർക്കെതിരെ കേസ്. ചെങ്ങമനാട് സ്വദേശി സുഹൈൽ ബാവ (20), ആലുവ അസാദ് റോഡിൽ ഹരികൃഷ്ണൻ (23), നേര്യമംഗലം സ്വദേശി സനൂപ് (31), പെരുമ്പാവൂർ മുടിക്കൽ വാടകക്ക് താമസിക്കുന്ന മുഹമ്മദ് അസ്ലം (23) ഇതര സംസ്ഥാന തൊഴിലാളിയായ മുഹമ്മദ് ഇസ്ലാം (20), കാലടി നടുവട്ടം സ്വദേശി ബിജു അഗസ്തി (42) എന്നിവരാണ് റൂറൽ പൊലീസിന്‍റെ പിടിയിലായത്.
ഇവരിൽനിന്ന് മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവെക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ പിടികൂടാനാണ് ഓപ്പറേഷൻ പി ഹണ്ട് നടപ്പാക്കുന്നത്. എറണാകുളം ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്‍റെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ 52 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
പുലർച്ചെ തുടങ്ങിയ റെയ്ഡ് വൈകിയും തുടരുകയാണ്. കേസിൽ ഉൾപ്പെട്ടവർ സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു. സി.ഐമാരായ സി. ജയകുമാർ, എം.ബി. ലത്തീഫ്, കെ.ആർ. മനോജ്, പി.എം. ബൈജു, കെ.ജി. ഗോപകുമാർ, ഋഷികേശൻ നായർ, എ.എസ്.ഐ ബോബി കുര്യാക്കോസ്, സി.പി.ഒമാരായ കെ.ആർ. രാഹുൽ, ലിജോ ജോസ്, ഷിറാസ് അമിൻ, പി.എസ്. അയ്നിഷ്, രതീഷ് സുഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.