13കാരിയെ രണ്ടാനച്ഛൻ മാതാവിന്‍റെ സഹായത്തോടെ പീഡിപ്പിച്ച് കാഴ്ചവെച്ച കേസിൽ 18ന് വിധി
text_fieldsകോഴിക്കോട്: 13 വയസ്സുകാരിയെ രണ്ടാനച്ഛൻ മാതാവിെൻറ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച് നിരവധി പേർക്ക് കാഴ്ചെവച്ചുവെന്ന കേസിൽ കോഴിക്കോട് അതിവേഗ കോടതി സെഷൻസ് ജഡ്ജി ശ്യാംലാൽ 18ന് വിധി പറയും. അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂട്ടറെയുമടക്കം പല തവണ മാറ്റുകയും പ്രതികൾക്കായി ഉന്നത ഇടപെടൽ നടന്നുവെന്ന് ആരോപണമുയരുകയും ചെയ്ത കേസിലാണ് 14 കൊല്ലത്തിനു ശേഷം വിധി. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനും വ്യഭിചാരത്തിന് വിറ്റതിനും ബലാത്സംഗത്തിനും ശിക്ഷ നിയമം 366 എ, 372, 373, 376 തുടങ്ങി വിവിധ വകുപ്പുകളനുസരിച്ച് 10 പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരുന്നു.
മാതാപിതാക്കൾ വിവാഹമോചനം നടത്തിയതിനാൽ മാതാവിനും രണ്ടാനച്ഛനുമൊപ്പം കഴിഞ്ഞ കുട്ടിയെ പ്രലോഭിപ്പിച്ച് ഇരുവരും 2007 -08 കാലത്ത് കോഴിക്കോട്, ഊട്ടി, ഗുണ്ടൽപേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളിൽ വീട്ടിലും ഹോട്ടലുകളിലും പലർക്കായി പണത്തിനു വേണ്ടി കാഴ്ചെവച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
പീഡനം സഹിക്കാനാവാതെ പിതാവിനടുത്തെത്തിയ കുട്ടിയെ അദ്ദേഹം കോഴിക്കോട് അന്വേഷി ഷോർട്ട് സ്റ്റേ ഹോമിലെത്തിക്കുകയായിരുന്നു. കുട്ടി ജില്ല പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതി മുക്കം പൊലീസിന് കൈമാറി. തുടർന്ന് നിർധന വിദ്യാർഥികൾക്കുള്ള മഹിള സമഖ്യയുടെയും നിർഭയ യുടെയും സംരക്ഷണത്തിൽ കഴിയുന്ന കുട്ടി അവിടെനിന്നെത്തിയാണ് കോടതിയിൽ മൊഴി നൽകിയത്.
മാതാവ് ഒന്നും രണ്ടാനച്ഛൻ രണ്ടും പ്രതിയായ കേസിൽ താഴെക്കോട് അമ്പലത്തിങ്ങൽ മുഹമ്മദ് എന്ന ബാവ (44), കൊടിയത്തൂർ കോട്ടുപുറത്ത് കൊളക്കാടൻ ജമാൽ എന്ന ജമാലുദ്ദീൻ (55), മലപ്പുറം വേങ്ങര കണ്ണമംഗലം കണ്ണഞ്ചേരിച്ചാലിൽ മുഹമ്മദ് മുസ്തഫ എന്ന വിക്കി എന്ന മാനു (54), കൊടിയത്തൂർ കോശാലപ്പറമ്പ് കൊളക്കാടൻ നൗഷാദ് എന്ന മോൻ (48), കാവന്നൂർ വാക്കല്ലൂർ കളത്തിങ്ങൽ ഇരുമ്പിശേരി അഷ്റഫ് (53), കാവന്നൂർ കളത്തിങ്ങൽ പുതുക്കൽ ജാഫർ എന്ന കുഞ്ഞിപ്പ (38), കാവന്നൂർ കുയിൽതൊടി നൗഷാദ് (41), അബ്ദുൽ ജലീൽ (40) എന്നിവരാണ് മറ്റു പ്രതികൾ. നിരവധി തവണ ഹൈകോടതിയെ സമീപിച്ചതിനാൽ കേസ് മാറ്റിയതാണ് വിചാരണ നീളാൻ കാരണം. 2009 ജനുവരിയിൽ ഡിവൈ.എസ്.പി സി.ടി. ടോം അന്തിമ റിപ്പോർട്ട് നൽകിയ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. രാജീവ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
ആറു മാസത്തിനകം കേസ് തീർപ്പാക്കണമെന്ന ഹൈകോടതി നിർദേശത്തെ തുടർന്ന് അന്ന് പോക്സോ കോടതിയിൽ ജഡ്ജിയില്ലാത്തതിനാലാണ് അതിവേഗ കോടതിയിൽ വിചാരണ തുടങ്ങിയത്. പോക്സോ കോടതിയിൽ സിറ്റിങ് പുനരാരംഭിച്ച് കേസ് അങ്ങോട്ട് മാറ്റാൻ തീരുമാനമായെങ്കിലും സാക്ഷി വിസ്താരം തുടങ്ങിയ അതിവേഗ കോടതിയിൽതന്നെ വിചാരണ തുടരാൻ പ്രോസിക്യൂഷൻ ജില്ല കോടതിയുടെ അനുമതി വാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.