ഓൺലൈൻ ക്ലാസുകളിലെ അപരിചിത ശല്യം; നടപടിക്ക് നിർദേശം
text_fieldsകൊച്ചി: സംസ്ഥാനത്ത് ഗൂഗിൾമീറ്റ്, സൂം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നടക്കുന്ന ഓൺലൈൻ ക്ലാസുകൾക്കിടെ അപരിചിതർ ഇടപെട്ട് ശല്യമുണ്ടാക്കുന്ന സംഭവങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ഉത്തരവ്. ഇത്തരം പ്ലാറ്റ്ഫോമുകൾ പരമാവധി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി ഉപയോഗിക്കുന്നതിനാവശ്യമായ നിർദേശം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവരോട് നിർദേശിച്ചു.
എല്ലാതവണയും ഒരേ ലിങ്ക് നൽകുന്നതിനുപകരം പുതിയ ലിങ്കുകൾ നൽകിയും പാസ്വേഡുകൾ മാറ്റി നൽകിയും കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കുക, ഒപ്പം കുട്ടികളിൽനിന്നോ രക്ഷിതാക്കളിൽനിന്നോ ക്ലാസ് ലിങ്കും പാസ്വേഡും മറ്റുള്ളവരിലേക്ക് എത്താതിരിക്കാൻ ആവശ്യമായ ബോധവത്കരണ നടപടി സ്വീകരിക്കുക, ഓരോ ക്ലാസുകൾക്കും ഓരോ ഐ.ഡി, പ്രത്യേക പാസ്വേഡ് എന്നിവ നൽകാൻ നിർദേശിക്കുക, ക്ലാസുകളിൽ അപരിചിതർ എത്തി നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ ഉടൻ പൊലീസിെന അറിയിക്കാനുള്ള നടപടി ക്ലാസ് ടീച്ചറും പ്രധാനാധ്യാപകരും ചേർന്ന് കൈക്കൊള്ളുക, ഇത്തരം പരാതി ലഭിച്ചാൽ പൊലീസ് വേണ്ട നടപടി സ്വീകരിക്കുക, സുരക്ഷിതമായ ഓൺലൈൻ നടപടി സംബന്ധിച്ച് സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ്, പൊലീസ്, സൈബർസെൽ തുടങ്ങിയവക്ക് കമീഷൻ നൽകിയിട്ടുള്ളത്.
കുട്ടികളിൽനിന്നോ രക്ഷിതാക്കളിൽനിന്നോ മറ്റേതെങ്കിലും വഴിക്കോ ക്ലാസ് ലിങ്കുകൾ കൈക്കലാക്കി, ക്ലാസിൽ കയറി ശല്യപ്പെടുത്തുകയും അലങ്കോലപ്പെടുത്തുകയും ചെയ്യുന്നത് സംസ്ഥാനത്ത് പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനാവശ്യസംഭാഷണം നടത്തുക, വിഡിയോ ഓൺ ചെയ്ത് മോശം രീതിയിൽ സംസാരിക്കുക, അശ്ലീലപരാമർശം നടത്തുക, അശ്ലീല സന്ദേശങ്ങളയക്കുക തുടങ്ങിയവയാണ് ഇത്തരക്കാർ ചെയ്യുന്നത്. കമീഷെൻറ നിർദേശമനുസരിച്ച് പ്രവർത്തിച്ചതിെൻറ റിപ്പോർട്ട് ഒരുമാസത്തിനകം സമർപ്പിക്കണമെന്നും കമീഷൻ അംഗം െക. നസീർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.