കുട്ടികളുടെ മുങ്ങിമരണം തടയാൻ നീന്തൽ പരിശീലിപ്പിക്കണമെന്ന് ബാലാവകാശ കമീഷൻ
text_fieldsമലപ്പുറം: സംസ്ഥാനത്ത് കുട്ടികളുടെ മുങ്ങിമരണം തടയാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ, കായിക വകുപ്പ് ഡയറക്ടർ, അഗ്നിരക്ഷ സേന ഡയറക്ടർ ജനറൽ എന്നിവരുടെ നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഉത്തരവ്. മണ്ണാർക്കാട് ചെത്തല്ലൂർ സ്വദേശി കൂരിക്കാടൻ അബ്ദുസലാം നൽകിയ പരാതിയിലാണ് കമീഷൻ നടപടി. വിഷയത്തിൽ ആറ് മാസത്തിനകം കമീഷന് മുമ്പാകെ ബന്ധപ്പെട്ടവർ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിൽ പറയുന്നു.
അപകടസാധ്യതയുള്ള ജലാശയങ്ങൾക്കരികിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ നിർദേശം നൽകണം. നീന്തൽ കായിക വിനോദമാക്കി പ്രാധാന്യം നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ, കായിക വകുപ്പ് ഡയറക്ടർ എന്നിവർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.
2022 ഏപ്രിൽ 29ന് മാത്രം കേരളത്തിൽ ആറ് കുട്ടികൾ മുങ്ങിമരിച്ചെന്നും ജലാശയങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് അവബോധമില്ലായ്മയും നീന്തൽ അറിയാത്തതും കുട്ടികളുടെ മരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് കമീഷന്റെ ഇടപെടൽ. 2022ൽ മാത്രം സംസ്ഥാനത്ത് 258 കുട്ടികളാണ് മുങ്ങിമരിച്ചത്. 221 ആൺകുട്ടികളും 37 പെൺകുട്ടികളുമാണ് മരിച്ചത്. സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത്. 53 മരണങ്ങളാണ് 2022ൽ മാത്രം റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.