ദത്ത്: കുട്ടിയുടെ സ്വകാര്യത പാലിക്കണമെന്ന് ബാലാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: കുട്ടിയുടെയും ദത്തെടുക്കുന്ന മാതാപിതാക്കളുടെയും സ്വകാര്യതയെ ബാധിക്കുന്ന വിവരം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ. നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. ദത്ത് നടപടികളിൽ രക്ഷിതാക്കളുടെയും കുട്ടിയുടെയും സ്വകാര്യത പൂർണമായും പാലിക്കപ്പെടണമെന്ന് 2015ലെ ബാലനീതി നിയമം വ്യവസ്ഥ ചെയ്യുന്നു. അതനുസരിച്ച് കുട്ടികളുടെ സ്വകാര്യത ലംഘിച്ച് മാധ്യമങ്ങളിൽ വാർത്തകൾ നൽകുന്നത് ആറുമാസം തടവോ രണ്ടുലക്ഷം രൂപ പിഴയോ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും കമീഷൻ ഓർമിപ്പിച്ചു.
ദത്തെടുക്കപ്പെടുന്ന കുട്ടിയുെടയോ രക്ഷിതാക്കളുടെയോ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതിെൻറ പ്രാധാന്യം വ്യക്തമാക്കി ബോധവത്കരണം നൽകുന്നതിന് നടപടി സ്വീകരിക്കാൻ സാമൂഹികനീതി-വനിത ശിശുവികസന സെക്രട്ടറി, വനിത ശിശുവികസന ഡയറക്ടർ, സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് ഏജൻസി പ്രോഗ്രാം മാനേജർ എന്നിവർക്ക് കമീഷൻ നിർദേശം നൽകി. കുട്ടിയെ തിരികെ കിട്ടുന്നതിനായി മാതാവ് നേരേത്ത ബാലാവകാശ കമീഷൻ മുമ്പാകെ പരാതി നൽകിയിരുന്നു. പരാതി ഫയലിൽ സ്വീകരിച്ച കമീഷൻ സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം കമീഷണർ, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഒക്ടോബർ 30നാണ് കേസിൽ വിചാരണ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.