മദ്റസകൾ നിർത്തലാക്കണമെന്ന ബാലാവകാശ കമീഷൻ നിർദേശം കേരളത്തെ ബാധിക്കില്ല -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: മദ്റസകൾ നിർത്തലാക്കണമെന്ന ബാലാവകാശ കമീഷൻ നിർദേശം കേരളത്തെ ബാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ മദ്റസകളെ പോലെയല്ല മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മദ്റസകൾ. കേരളത്തിൽ മദ്റസകൾക്ക് സർക്കാർ സഹായങ്ങളൊന്നും നൽകുന്നില്ല. ബാലാവകാശ കമീഷന്‍റെ നിലപാട് ഭരണഘടനയുടെ മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
“ബാലാവകാശ കമീഷന്‍റെ അഖിലേന്ത്യാ തലത്തിലുള്ള കമ്മിറ്റി യഥാർഥത്തിൽ ഭരണഘടനാ വിരുദ്ധവും മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതും മതധ്രുവീകരണത്തിന് ഇടയാക്കുന്നതുമായ നിലപാടാണ് മുന്നോട്ടുവെച്ചിട്ടുള്ളതെന്ന പ്രതികരണം വിവിധ മേഖലകളിൽനിന്ന് വരുന്നുണ്ട്. ഇത്തരമൊരു നിലപാട് കേന്ദ്രം സ്വീകരിക്കുന്നതിലൂടെ കേരളത്തിന് പ്രശ്നമുണ്ടാകുമെന്ന് തോന്നുന്നില്ല. കേരളത്തിലെ മദ്റസകളെ പോലെയല്ല മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മദ്റസകൾ. അവിടെ പലയിടങ്ങളിലും പ്രാഥമിക വിദ്യാലയങ്ങൾ പൂർണമായിട്ടില്ല. അതിനാൽ മദ്റസകളുമായി കലർന്നാണ് പൊതുവിദ്യാഭ്യാസം പോകുന്നത്. കേരളത്തിൽ മദ്റസകൾക്ക് സർക്കാർ സഹായങ്ങളൊന്നും നൽകുന്നില്ല. അതിനാൽത്തന്നെ ബാലവകാശ കമീഷൻ പറഞ്ഞ അക്കാര്യം കേരളത്തെ ബാധിക്കുന്നില്ല” -എം.വി. ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രസർക്കാർ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ എടുത്തുകളയാൻ ശ്രമിക്കുന്നു. സമൂഹത്തിൽ വിദ്വേഷം പടർത്തി മുതലെടുപ്പ നടത്താനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്നും സതീശൻ പറഞ്ഞു.
മദ്റസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് അവസാനിപ്പിക്കണമെന്നും സംസ്ഥാനം ഫണ്ട് നൽകുന്ന മദ്റസകളും മദ്റസ ബോർഡുകളും നിർത്തലാക്കണമെന്നുമാണ് ദേശീയ ബാലാവകാശ കമീഷൻ നിർദേശിച്ചത്. മദ്റസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമീഷന്റെ നീക്കം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കമീഷൻ കത്തയച്ചു. മദ്റസകളിലെ വിദ്യാഭ്യാസ രീതി 1.25 കോടി കുട്ടികളുടെ ഭരണഘടന അവകാശങ്ങൾ ലംഘിക്കുന്നുവെന്നാണ് കത്ത്. 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.