നിസ്സഹായതയാണ്, നെഞ്ചിടിപ്പിക്കുന്ന ഇൗ കണക്കുകളിൽ...
text_fieldsതിരുവനന്തപുരം: വിശന്നു തളർന്ന കുഞ്ഞുങ്ങൾ മണ്ണ് വാരിത്തിന്നെന്ന് പെറ്റമ്മതന്നെ വിളിച്ചുപറഞ്ഞപ്പോഴാണ് തലസ്ഥാനത്തെ ദയനീയ സംഭവത്തിെൻറ തീക്ഷ്ണത സമൂഹം മനസ്സിലാക്കിയത്. അതും ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള തണലിെൻറ ടോൾഫ്രീ നമ്പരിലേക്ക് മനസ്സാക്ഷിയുള്ളയാരോ വിളിച്ചറിയിച്ചേപ്പാൾ. കൈതമുക്കിലേത് ഒറ്റപ്പെട്ടതെന്ന് കരുതി ആശ്ചര്യപ്പെടേണ്ട. ‘തണലി’െൻറ ടോൾഫ്രീ നമ്പരായ 1517 ലേക്കെത്തിയ സമാന വിളികളുടെ കണക്കുകൾ ഞെട്ടിപ്പിക്കും.
ജനകീയ സഹകരണത്തോടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് 2017ൽ ആരംഭിച്ച തണലിെൻറ ടോൾഫ്രീ നമ്പരിലേക്ക് 2019 നവംബർ 30 വരെ വിവിധ ജില്ലകളിൽ നിന്നായി എത്തിയത് 9830 പരാതികൾ. രണ്ടു വർഷത്തിനിടെ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ 1725 എണ്ണം. ചൂഷണം ചെയ്യുന്നുവെന്ന പരാതി 649ഉം. കുടുംബപ്രശ്നങ്ങൾ മൂലം കുട്ടികൾ പ്രയാസമനുഭവിക്കുന്നതു സംബന്ധിച്ച് എത്തിയ വിളികൾ 2449 ആണെങ്കിൽ ദാരിദ്ര്യം മൂലമുള്ള പ്രയാസങ്ങൾ അറിയിച്ച് 4672 വിളി വന്നു. മയക്കുമരുന്ന് സംബന്ധിച്ച് 335ഉം.
ഇൗ കണക്കുകളിൽ പലതും കൈതമുക്ക് സംഭവത്തിന് സമാനം ദയനീയവും നിസ്സഹായത നിറയുന്നവയാണ്. എന്നാൽ, മാതാപിതാക്കൾ തുറന്നു പറയാത്തതിനാൽ സമൂഹം അറിയില്ലെന്ന് മാത്രം. ഏതു ജില്ലയിൽനിന്ന് വിളിയെത്തിയാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിക്കാനും ചുമതലപ്പെടുത്താനുമുള്ള സൗകര്യവും തണലിനുണ്ട്. കുട്ടികൾക്ക് ഭക്ഷണം ഉറപ്പുവരുത്തൽ, തെരുവിൽ ഒറ്റപ്പെട്ട കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തൽ, മതിയായ വിദ്യാഭ്യാസം ലഭ്യമാക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ കൂടി തണലിനുണ്ട്. എല്ലാം കൂടി 36995 വിളികളാണ് രണ്ട് വർഷത്തിനിടെ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.