കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം: ഈ വർഷം 2180 കേസുകൾ
text_fieldsകോഴിക്കോട്: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2,180 പോക്സോ കേസുകൾ. ജൂൺവരെയാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ കേസുകൾ. സിറ്റിയിൽ 89ഉം റൂറലിൽ 200ഉം ഉൾപ്പെടെ തിരുവനന്തപുരത്ത് 289 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മലപ്പുറമാണ് തൊട്ടുപിന്നിൽ. 242 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് കേസ് -81 കേസുകൾ. റെയിൽവേ പൊലീസ് സംസ്ഥാനതലത്തിൽ അഞ്ച് കേസുകളും ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 2023ൽ 4,641ഉം 2022ൽ 4,518ഉം 2021ൽ 3,516ഉം 2020ൽ 3,042ഉം കേസുകളാണുണ്ടായിരുന്നത്.
പോക്സോ കേസുകൾ വേഗത്തില്‍ പരിഗണിക്കുന്നതിന് സംസ്ഥാനത്ത് അമ്പതിലേറെ പോക്സോ കോടതികൾ നിലവിലുണ്ടെങ്കിലും ആയിരക്കണക്കിന് കേസുകൾ ഇപ്പോഴും തീർപ്പാകാതെ കിടക്കുകയാണ്. ശാസ്ത്രീയ പരിശോധന ഫലം സമയബന്ധിതമായി ലഭിക്കാത്തതും സാക്ഷികളെ കോടതിയിൽ ഹാജരാക്കാൻ കഴിയാത്തതുമാണ് കേസുകളുടെ വിചാരണ നീളാൻ ഇടയാക്കുന്നത് എന്നാണ് ആക്ഷേപം. കേസുകളിൽ നീതി വൈകുന്നത് പതിവായതോടെ പോക്സോ കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ ഇടപെടുന്നതിന് പ്രത്യേക കമ്മിറ്റിയും നിലവിലുണ്ട്.
പോക്സോ നിയമം
പോക്സോ നിയമം (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) 2012 ജൂൺ 14നാണ് നിലവിൽ വന്നത്. ലൈംഗിക ചൂഷണങ്ങളിൽനിന്ന് ആൺ, പെൺ വ്യത്യാസമില്ലാതെ 18 വയസ്സുവരെ പ്രായമുള്ളവർക്ക് നിയമംവഴി നീതി ഉറപ്പാക്കുന്നു. വ്യക്തി എന്ന നിലയിലുള്ള കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കുവേണ്ട സംരക്ഷണവും നിയമം ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.