രാജസ്ഥാനിൽനിന്ന് കുട്ടികളെ കൊണ്ടുവന്ന കേസിൽ പാസ്റ്റർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: രാജസ്ഥാനിൽനിന്ന് എറണാകുളത്തെ സ്ഥാപനത്തിലേക്ക് മതിയായ രേഖയില്ലാതെ 12 പെൺകുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. അനധികൃതമായി കുട്ടികളെ കടത്തിയെന്ന കേസില്‍ പെരുമ്പാവൂരിലെ പുല്ലുവഴി കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് പാസ്റ്റർ ജേക്കബ് വര്‍ഗീസാണ് (56) അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള അനുമതിയില്ലാതെയാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടികളെ കൊണ്ടുവന്ന ഇടനിലക്കാരെ ബുധനാഴ്ച കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്റർ അറസ്റ്റിലായത്.
രാജസ്ഥാന് സ്വദേശികളായ ലോകേഷ്കുമാര്‍, ശ്യാം ലാല്‍ എന്നിവര്‍ക്കെതിരെയാണ് റെയില്‍വേ പൊലീസ് ബുധനാഴ്ച കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഓഖ എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. 10, 11, 12 വയസ്സുള്ളവരാണ് എല്ലാവരും.
ഒരാൾ മധ്യപ്രദേശിൽനിന്നും മറ്റുള്ളവർ രാജസ്ഥാനിൽനിന്നുമാണ്. സംശയം തോന്നിയ യാത്രക്കാർ, റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടികൾക്കൊപ്പം ആറ് മുതിര്‍ന്നവരാണ് ഉണ്ടായത്. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്തപ്പോൾ നാലുപേര്‍ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടു. മറ്റു രണ്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്.
കുട്ടികളെ ബുധനാഴ്ച അതിരാവിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ചെയർമാൻ അഡ്വ. പി. അബ്ദുൽ നാസർ മുമ്പാകെ ഹാജരാക്കിയിരുന്നു. സൗജന്യ വിദ്യാഭ്യാസം വാഗ്ദാനംചെയ്ത് പെരുമ്പാവൂരിലെ കാരുണ്യഭവൻ ചർച്ച് ട്രസ്റ്റിന്റെ സ്ഥാപനത്തിലേക്കാണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന് രക്ഷിതാക്കൾ മൊഴിനൽകിയതോടെ ഈ സ്ഥാപന അധികൃതരെ സി.ഡബ്ല്യു.സി വിളിച്ചുവരുത്തി വിശദാംശങ്ങൾ തേടിയിരുന്നു. നേരത്തേ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ രജിസ്ട്രേഷൻ ഉണ്ടായിരുന്ന സ്ഥാപനത്തിന് ഇപ്പോൾ രജിസ്ട്രേഷനില്ലെന്ന് പി. അബ്ദുൽ നാസർ പറഞ്ഞു.
നേരത്തേ പ്രവർത്തിച്ച സ്ഥാപനം കോവിഡ് കാലത്ത് അടച്ചുപൂട്ടി. എന്നാലിപ്പോൾ വീണ്ടും കുട്ടികളെ എത്തിച്ച് പ്രവർത്തനം തുടങ്ങാനിരിക്കുകയായിരുന്നു എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. കുട്ടികളെ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനംചെയ്ത് എത്തിച്ചതിലും ചില സംശയങ്ങളുണ്ട്. ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കിയ 12 കുട്ടികളെയും വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.