ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ പ്രതിക്കൂട്ടിലാകാൻ കാരണം അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലെ പാളിച്ചകളും
text_fieldsമലപ്പുറം: ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്ക് അടിക്കടി വീഴ്ചപറ്റുന്നതിൽ ഇതിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലുണ്ടാവുന്ന പാളിച്ചകളും കാരണമാകുന്നു. അധ്യക്ഷ/അധ്യക്ഷനടക്കം അഞ്ച് പേരാണ് ഓരോ സി.ഡബ്ല്യു.സികളിലുമുണ്ടാവുക. ഇതിൽ നാലുപേരും ചിലപ്പോൾ മുഴുവനായും നിലവിൽ നിയമരംഗത്ത് നിന്നുള്ളവരാണ്.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് സമാന അധികാരമുള്ള കമ്മിറ്റി കുട്ടിയുടെ ഉത്തമതാൽപര്യം പരിഗണിച്ചാണ് തീരുമാനങ്ങളെടുക്കേണ്ടത്. എന്നാൽ, ഇവരുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ അവസ്ഥകൾ അവഗണിക്കപ്പെടാൻ ബഹുവിഷയ പരിജ്ഞാനമുള്ളവരുടെ കുറവ് മുഖ്യകാരണമാവുന്നുണ്ട്.
വനിത ശിശുവികസന വകുപ്പിെൻറ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ല ഘടകമായാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ പ്രവർത്തിക്കുന്നത്. നിലവിലെ സി.ഡബ്ല്യു.സികളുടെ കാലാവധി പൂർത്തിയാവുന്ന സാഹചര്യത്തിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
സോഷ്യോളജി/സൈക്യാട്രി/സോഷ്യൽ വർക്ക്/ചൈൽഡ് സൈക്കോളജി/വിദ്യാഭ്യാസം എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദമോ ആരോഗ്യം/ശിശുവികസനം/കറക്ഷനൽ സർവിസ്/നിയമം എന്നിവയിൽ ഏതിലെങ്കിലും ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം. ഒരാൾ വനിതയും ഒരാൾ കുട്ടികളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ വൈദഗ്ധ്യമുള്ളയാളുമാകണമെന്നും നിഷ്കർഷിക്കുന്നു.
കുട്ടികളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ വൈദഗ്ധ്യമുള്ള വനിതയെ അംഗമാക്കി ബാക്കി നാല് സ്ഥാനവും അഭിഭാഷകർ കൈയാളുന്ന സി.ഡബ്ല്യു.സികളാണ് ബഹുഭൂരിഭാഗവും. 14 ജില്ലകളിലും അഭിഭാഷകർക്ക് തന്നെയാണ് മേധാവിത്വം. സംരക്ഷണവും പരിചരണവും ആവശ്യമായ കുട്ടികളുടെ കാര്യത്തിൽ കമ്മിറ്റി ചേർന്ന് തീരുമാനമെടുക്കുമ്പോൾ നിയമ ഇതര മേഖലയിൽനിന്നുള്ള അംഗത്തിെൻറ അഭിപ്രായങ്ങളെ ഭൂരിപക്ഷം മറികടക്കുകയാണെന്ന് ബാലസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഇത് കുട്ടിക്ക് പലപ്പോഴും ഹാനികരമാവുന്നുണ്ട്.
അഭിഭാഷകരായതിനാൽ തൊഴിലിെൻറ ഭാഗമായി മുമ്പ് പോക്സോ കേസ് പ്രതികൾക്ക് വരെ വേണ്ടി വാദിച്ചവരുമുണ്ടാകും. ഇവരുടെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ പ്രതിഭാഗത്തിന് വേണ്ടി ഹാജരാവുന്ന കേസുകൾ വന്നാൽ ഇരകൾക്ക് വേണ്ടി തീരുമാനമെടുക്കുന്നതിൽ സ്വാധീനിക്കപ്പെടാനും സാഹചര്യമുണ്ടാവുന്നു. മറ്റ് രംഗങ്ങളിൽ നിന്നുള്ളവരെക്കൂടി കൂടുതലായി ഉൾപ്പെടുത്തുകയാണ് പരിഹാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.