കേന്ദ്രം കൈയൊഴിയുന്നു; ചൈൽഡ്ലൈൻ പ്രവർത്തനം ഇനി ‘മിഷൻ വാത്സല്യ’ക്ക് കീഴിൽ
text_fieldsമലപ്പുറം: ചൈൽഡ്ലൈൻ പ്രവർത്തനം കേന്ദ്ര വനിത ശിശുവികസന മന്ത്രാലയത്തിന് കീഴിൽനിന്ന് സംസ്ഥാനങ്ങളുടെ പരിധിയിലേക്ക് മാറ്റുന്നു. ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ‘മിഷൻ വാത്സല്യ’ എന്ന പദ്ധതിയിൻ കീഴിലേക്കാണ് മാറ്റുന്നത്. സ്വതന്ത്രസംവിധാനമായി പ്രവർത്തിക്കുന്ന ചൈൽഡ്ലൈനിൽ ഇതോടെ കാതലായ മാറ്റം വരും. ചൈൽഡ്ലൈൻ എന്ന പേര് മാറി ‘ചൈൽഡ് ഹെൽപ് ലൈൻ’ എന്നാകും. കലക്ടറുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജില്ല ശിശു സംരക്ഷണ യൂനിറ്റാകും ജില്ലയിലെ കുട്ടികളുടെ സേവന വിതരണവും പരിചരണവും സംരക്ഷണവും ഉറപ്പാക്കാനുള്ള നോഡൽ ഏജൻസി.
‘മിഷൻ വാത്സല്യ സ്കീം’ പ്രകാരം കുട്ടികളുടെ സംരക്ഷണലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശിശു സംരക്ഷണ നിയമങ്ങളും പദ്ധതികളും പ്രവർത്തനങ്ങളും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് (ഡി.സി.പി.യു) നടപ്പാക്കും. ജില്ല മജിസ്ട്രേറ്റിന്റെ മൊത്തത്തിലുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ് ലൈൻ (സി.എച്ച്.എൽ) യൂനിറ്റ് സേവനം മുഴുവൻ സമയവും ലഭ്യമാകും. കുട്ടികൾക്ക് അടിയന്തര, ദീർഘകാല പരിചരണ പുനരധിവാസ സേവനങ്ങളുമായി ബന്ധപ്പെട്ട ഔട്ട്റീച്ച് സേവനവും നൽകും.
കുട്ടികളുടെ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഈ യൂനിറ്റുകൾ ഓരോന്നും 2015ലെ ജെ.ജെ നിയമപ്രകാരം പ്രവർത്തിക്കണം. 2021ൽ ഭേദഗതി ചെയ്ത വ്യവസ്ഥകളും പാലിക്കണം. മെച്ചപ്പെട്ട ഏകോപനത്തിനും നിരീക്ഷണത്തിനുമായി നിലവിലുള്ള ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റുകളിൽ ‘ചൈൽഡ് ഹെൽപ് ലൈൻ’ യൂനിറ്റിന് ഇടം നൽകാനും നിർദേശമുണ്ട്.
ചൈൽഡ്ലൈൻ പ്രവർത്തകർ ആശങ്കയിൽ
മലപ്പുറം: ചൈൽഡ്ലൈൻ പുതിയ സംവിധാനത്തിലേക്ക് വരുമ്പോൾ ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് നിലവിലുള്ള പല ജീവനക്കാരും. തീരുമാനം സംസ്ഥാന സർക്കാറുകളാണ് എടുക്കേണ്ടത്. എൻ.ജി.ഒകളുടെ സഹകരണത്തോടെയാണ് ചൈൽഡ്ലൈൻ പ്രവർത്തിച്ചിരുന്നത്. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ എൻ.ജി.ഒകളെ പൂർണമായി ഒഴിവാക്കി.
നിലവിലെ സ്റ്റാഫ് പാറ്റേണിൽ കാര്യമായ മാറ്റമില്ല. യൂനിറ്റുകളിൽ പ്രഫഷനൽ ബിരുദാനന്തര ബിരുദമുള്ള ഒരു കൗൺസലറെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, കൗൺസലിങ് കേസുകളുടെ എണ്ണം കൂടുതലായതിനാൽ കൂടുതൽ പേരെ വേണമെന്ന് ആവശ്യം നിലനിൽക്കുന്നുണ്ട്. 1098 നമ്പറിൽ സഹായമാവശ്യപ്പെട്ട് വിളിക്കുന്ന കുട്ടികൾക്ക് ആശ്വാസമേകാൻ സന്നദ്ധരായി ചൈൽഡ്ലൈൻ പ്രവർത്തകർ ഇപ്പോഴുമുണ്ട്. എന്നാൽ, കേന്ദ്രസർക്കാറിന്റെ പുതിയ തീരുമാനങ്ങൾ വരുന്നതോടെ ജോലി എന്താകുമോയെന്ന ആശങ്ക പരന്നതിനാൽ കഴിഞ്ഞ അഞ്ചു മാസത്തിനിടെ ജില്ല കോഓഡിനേറ്റർമാരടക്കം 91 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ഉപേക്ഷിച്ചത്.
പോക്സോ കേസുകളെ ബാധിക്കാൻ സാധ്യത
നിരവധി കേസുകളിലെ പരാതിക്കാരും പോക്സോ കേസുകളിലെ പ്രധാന സാക്ഷികളുമാണ് ചൈൽഡ്ലൈൻ പ്രവർത്തകരെന്നതിനാൽ അവരുടെ ജോലി പോകുന്നതോടെ നിയമനടപടികൾ അനിശ്ചിതത്വത്തിലാകുമോയെന്ന ആശങ്കയും ശക്തമാണ്. എല്ലാ ജില്ലയിലും പ്രതിമാസം ശരാശരി 15 പോക്സോ കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൈൽഡ്ലൈൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാലാണ് പല കേസുകളും വെളിച്ചത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.