ലഹരി സംഘങ്ങളിൽ കുട്ടികളും കണ്ണികൾ
text_fieldsകോഴിക്കോട്: ലഹരിമാഫിയ കുട്ടികളെയും കണ്ണികളാക്കുന്നതായി മൊഴി ലഭിച്ചതോടെ പൊലീസ് കൂടുതൽ നിരീക്ഷണത്തിന്.നഗരത്തിെൻറ വിവിധയിടങ്ങളിൽനിന്ന് കഞ്ചാവുസഹിതം അറസ്റ്റിലായവരാണ് ലഹരിക്കടത്തിന് കുട്ടികളെയും ഉപയോഗിക്കുന്നതായി പൊലീസിന് മൊഴി നൽകിയത്. ഒഡിഷ, ആന്ധ്ര, ഗോവ എന്നിവിടങ്ങളിൽനിന്ന് അന്തർ സംസ്ഥാന ലോറികളിലെത്തിക്കുന്ന കഞ്ചാവ്, ചെറുകിടക്കാർക്ക് വിൽക്കാനാണ് വിദ്യാർഥികളെ ഉപയോഗിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ രാത്രിസമയങ്ങളിൽ ബൈക്കിലും കാറിലുമാണ് കഞ്ചാവ് ചില്ലറ വിൽപനക്കാർക്കെത്തിക്കുന്നത്. ആൾക്കൂട്ടങ്ങളൊഴിവാക്കാനും അനാവശ്യ യാത്രകൾ തടയാനുമിപ്പോൾ മിക്ക സമയവും പൊലീസ് വാഹനങ്ങൾ റോഡിലുണ്ടാവും.
മക്കളുമൊത്ത് പോവുകയാണെന്ന പ്രതീതി സൃഷ്ടിച്ച് വാഹന പരിശോധന ഒഴിവാക്കാനാണ് കുട്ടികെള ഒപ്പം കൂട്ടുന്നത്. നേരത്തേ എലത്തൂർ, േചവായൂർ പൊലീസ് കഞ്ചാവുമായി അറസ്റ്റുചെയ്തവെര ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച നിർണായക വിവരം ലഭിച്ചത്.
വാടകക്കെട്ടിടത്തിൽ സംഭരിച്ച കഞ്ചാവ് വിവിധയിടങ്ങളിലെത്തിച്ചത് കുട്ടികളെ കൂടെ കൂട്ടിയാെണന്നായിരുന്നു പ്രതികളുടെ മൊഴി. കുട്ടികളുടെ പേരുവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ രക്ഷിതാക്കളോട് അന്വേഷിച്ചപ്പോൾ രാത്രി ബൈക്കിലെത്തുന്നവരുടെ കൂടെ മക്കൾ കറങ്ങാൻ പോവാറുണ്ടെന്നും പുലർച്ചയോടെയാണ് തിരിച്ചെത്താറ് എന്നുമാണ് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വീട്ടുകാർപോലും അറിയാതെയാണ് പല കുട്ടികളും ലഹരിസംഘത്തിെൻറ കണ്ണികളായത്. നേരത്തേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് ബീഡി വിൽപന പൊലീസ് പിടികൂടിയിരുന്നു. പരിശോധന കർശനമാക്കിയതോടെയാണ് ഇതിന് അറുതിവന്നത്.
ലഹരിമാഫിയ വീണ്ടും കുട്ടികളെ കണ്ണികളാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ നിരീക്ഷണം ശക്തമാക്കിയതായും ഇക്കാര്യത്തിൽ രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്നും സിറ്റി ആൻറി നാർകോട്ടിക് സെൽ അറിയിച്ചു. കോവിഡ് കാലത്തുമാത്രം സിറ്റി പൊലീസ്, ഡിസ്ട്രിക്ട് ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് (ഡൻസാഫ്), എക്സൈസ് എന്നിവ നൂറ് കിലോയിലേറെ കഞ്ചാവാണ് പിടികൂടിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ലോറിയും അഞ്ച് കാറും നിരവധി ബൈക്കും പിടിച്ചെടുത്തു. 28 പേർ അറസ്റ്റിലാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.