മാങ്ങ പറിച്ചതിന് കുട്ടികളെ മർദിച്ച സംഭവം; പൊലീസ് കേസെടുത്തു
text_fieldsചങ്ങരംകുളം (മലപ്പുറം): ഒതളൂരിൽ മാങ്ങ പറിച്ച കുട്ടികളെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ഒതളൂർ സ്വദേശി സലീമിനെതിരെയാണ് കേസ്.
തിങ്കളാഴ്ച വൈകീട്ട് ആറോടെ ഒതളൂർ പൊലിയോടം പാടത്താണ് മാങ്ങ പറിക്കാൻ പറമ്പിൽ കയറിയ കുട്ടികൾക്ക് നേരെ തോട്ടം ഉടമയുടെ ആക്രമണം ഉണ്ടായത്. പാവിട്ടപ്പുറം എ.പി.ജെ. നഗറിൽ താമസിക്കുന്ന ഒമ്പത് മുതൽ 14 വരെ പ്രായമുള്ള റസൽ, ഹംസ, സിറാജുദ്ദീൻ, സൂര്യജിത്ത്, മിർസാൻ എന്നീ കുട്ടികളെയാണ് ഉടമ ആക്രമിച്ചത്.
ഫുട്ബാൾ കളിക്കാനെത്തിയ കുട്ടികൾ സമീപത്തെ വ്യക്തിയുടെ പറമ്പിൽ കയറി കണ്ണിമാങ്ങ പറിക്കുകയായിരുന്നു. ഉടമ വരുന്നത് കണ്ട് ഓടിയെങ്കിലും പുറകെ ഓടിവന്ന ഉടമ കുട്ടികളെ തടഞ്ഞ് മർദിക്കുകയും ഷർട്ട് ഊരി വാങ്ങിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഷർട്ട് ഊരിവാങ്ങിയ ശേഷം രക്ഷിതാക്കളെ വിളിച്ചുവരാൻ പറയുകയായിരുന്നു.
കുട്ടികൾ കരഞ്ഞതോടെ പാടത്ത് ഉണ്ടായിരുന്നവർ ഓടിയെത്തിയാണ് തടഞ്ഞുവെച്ച കുട്ടികളെ ഷർട്ട് നൽകാതെ വിട്ടയച്ചത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടികളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുട്ടികളുടെ ബന്ധുക്കൾ ചൈൽഡ് ലൈൻ അടക്കമുള്ളവർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.