തെരുവിൽ പേന വിൽക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നത് ബാലവേലയല്ല -ഹൈകോടതി; ഷെൽട്ടർ ഹോമിലാക്കിയ കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു
text_fieldsകൊച്ചി: ബാലവേലക്ക് വിധേയരാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസും ശിശുക്ഷേമ സമിതിയും ചേർന്ന് ഷെൽട്ടർ ഹോമിലാക്കിയ കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടാൻ ഉത്തരവിട്ട് ഹൈകോടതി. തെരുവുകച്ചവടത്തിൽ രക്ഷിതാക്കളെ സഹായിക്കുന്നത് ബാലവേലയല്ലെന്ന് വ്യക്തമാക്കിയ കോടതി, ദാരിദ്ര്യം ഒരു കുറ്റമല്ലെന്നും ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യക്കാരായ തെരുവുകച്ചവടക്കാരുടെ രണ്ട് കുട്ടികളെയാണ് രക്ഷിതാക്കൾക്കൊപ്പം വിട്ട് വെള്ളിയാഴ്ച ഉത്തരവിട്ടത്.
റോഡരികിൽ പേനയും മാലയും വളയുമൊക്കെ വിറ്റാണ് ദമ്പതികൾ ഉപജീവനം നടത്തിയിരുന്നത്. കച്ചവടത്തിൽ കുട്ടികളും ഒപ്പം കൂടിയിരുന്നു. എന്നാൽ, കുട്ടികളെ ബാലവേലക്ക് വിധേയരാക്കുന്നെന്ന് ആരോപിച്ചാണ് പൊലീസ് ഇവരെ നവംബർ 29 മുതൽ പള്ളുരുത്തിയിലെ ഷെൽട്ടർ ഹോമിലാക്കിയത്.
അഭിഭാഷകനായ മൃണാളിന്റെ (മധുബെൻ) സഹായത്തോടെയാണ് രക്ഷിതാക്കൾ കുട്ടികൾക്ക് വേണ്ടി ഹൈകോടതിയിൽ ഹരജി നൽകിയത്. പേന പോലുള്ള വസ്തുക്കൾ വിൽക്കുന്നതിന് രക്ഷിതാക്കളെ സഹായിക്കുന്നത് എങ്ങനെയാണ് ബാലവേലയുടെ പരിധിയിൽ വരുന്നതെന്ന് മനസിലാകുന്നില്ലെന്ന് ജസ്റ്റിസ് വി.ജി. അരുൺ പറഞ്ഞു.
'രക്ഷിതാക്കളോടൊപ്പം തെരുവിൽ വിൽപനക്ക് ഇറങ്ങുന്നതിന് പകരം കുട്ടികൾ വിദ്യാഭ്യാസം നേടുകയാണ് വേണ്ടതെന്ന കാര്യത്തിൽ കോടതിക്ക് ഒരു സംശയവുമില്ല. ഇങ്ങനെയൊരു നാടോടി ജീവിതം നയിക്കുമ്പോൾ എങ്ങനെയാണ് കുട്ടികൾക്ക് കൃത്യമായ വിദ്യാഭ്യാസം നൽകാൻ കഴിയുക. എന്നാൽ പോലും രക്ഷിതാക്കളിൽ നിന്ന് കുട്ടികളെ കസ്റ്റഡിയിലെടുക്കാനോ അകറ്റി താമസിപ്പിക്കാനോ പൊലീസിനോ ശിശുക്ഷേമ സമിതിക്കോ അധികാരമില്ല. ദാരിദ്ര്യം ഒരു കുറ്റമല്ല. നമ്മുടെ രാഷ്ട്രപിതാവിന്‍റെ വാക്കുകൾ കടമെടുത്താൽ, ദാരിദ്ര്യമാണ് ഏറ്റവും നീചമായ ഹിംസ' -കോടതി വ്യക്തമാക്കി.
രക്ഷിതാക്കൾ ഷെൽട്ടർ ഹോമിലെത്തിയെങ്കിലും കുട്ടികളെ കാണിക്കാൻപോലും അധികൃതർ തയ്യാറായിരുന്നില്ല. തുടർന്നാണ് അയൽവാസിയെന്ന നിലയിൽ പരിചയമുള്ള അഡ്വ. മൃണാളിനെത്തേടി അവരെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.