മഴയിൽ ഷൂവും സോക്സും നനഞ്ഞൊട്ടി കുരുന്നുകൾക്ക് ദുരിത പഠനം
text_fieldsഒറ്റപ്പാലം: യൂനിഫോമിനൊപ്പം മഴക്കാലത്തും ഷൂ ധരിക്കാൻ ചില സ്കൂൾ അധികൃതർ കുട്ടികളെ നിർബന്ധിക്കുന്നതായി പരാതി. യൂനിഫോമിന്റെ ഭാഗമെന്ന നിലയിൽ ഷൂ ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടാണ് ഇവരുടേതെന്ന് പറയുന്നു. ചെറിയ ക്ലാസിലെ കുട്ടികളുൾപ്പടെ നിർദേശം പാലിക്കാൻ നിർബന്ധിതരാകുകയാണ്. മഴയിൽ നനഞ്ഞ ഷൂവും സോക്സും ഊരാതെ മണിക്കൂറുകളാണ് കുട്ടികൾ ക്ലാസിൽ കഴിച്ചുകൂട്ടേണ്ടി വരുന്നത്.
ചെറിയ കുട്ടികൾക്കുവരെ നിബന്ധന ബാധകമാകുകയാണ്. നടന്നും ഓട്ടോയിലും വാനിലും മറ്റുമായാണ് കുട്ടികളിലേറിയ പങ്കും വിദ്യാലയങ്ങളിൽ എത്തുന്നത്. കുടയുണ്ടെങ്കിലും വാഹനത്തിൽനിന്ന് പുറത്തിറങ്ങിയാൽ ഷൂ നനയാതിരിക്കാൻ നിർവാഹമില്ല.
മണിക്കൂറുകൾ നനഞ്ഞൊട്ടി ഇരിക്കേണ്ടിവരുന്നത് അസ്വസ്ഥതകൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. പല കുട്ടികൾക്കും നന്നായുണങ്ങാത്ത ഷൂ തന്നെ പിറ്റേന്നും ധരിക്കേണ്ടതായും വരുന്നു.
മഴക്കാലത്ത് ഷൂ ഒഴിവാക്കി ചെരിപ്പ് ധരിക്കാൻ അനുവദിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. എന്നാൽ ഇക്കാര്യം ആവശ്യപ്പെടാൻ രക്ഷിതാക്കളും മടിക്കുകയാണ്. യൂനിഫോം ഉൾപ്പടെ സ്കൂൾ നിബന്ധനകൾ പാലിക്കുമെന്ന ഉറപ്പ് രേഖാമൂലം ഒപ്പിട്ടു വാങ്ങിയാണ് കുട്ടിക്ക് പ്രവേശനം നൽകിയതെന്നതുതന്നെ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.