തെളിമയോടെ മലയാളം എഴുതി വായിച്ചു പഠിക്കാനുറച്ച് ഇടമലക്കുടിയിലെ കുട്ടികൾ
text_fieldsകോഴിക്കോട്: ഇടുക്കി ജില്ലയിലെ ഇടമലക്കുടി മേഖലയിൽ അധിവസിക്കുന്ന ആദിവാസി ഗോത്ര ജനവിഭാഗത്തിലെ മുഴുവൻ കുട്ടികളും ഇനിമുതൽ മലയാളം പച്ചയായി എഴുതും സംസാരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരളം ഇടമലക്കുടി ട്രൈബൽ എൽ.പി സ്കൂളിൽ നടത്തിവരുന്ന പ്രത്യേക ഭാഷാ പരിശീലന പരിപാടിയിലൂടെയാണ് ഇത് സാധ്യമാകുന്നത് .
സ്വന്തമായി ലിപിയില്ലാത്ത മുതുവാൻ വാമൊഴി ഭാഷയെ തനി മലയാളം രൂപത്തിലേക്ക് രൂപാന്തരപ്പെടുത്തി തെരഞ്ഞെടുത്ത കുട്ടികളിൽ പരിശീലിപ്പിക്കുകയാണ് ഇവിടെ .ഗതാഗത സൗകര്യം തീരെ ഇല്ലാത്ത ഇടമലക്കുടി , കുറുത്തിക്കുടി മേഖലയിൽ അധിവസിക്കുന്ന മുതുവാൻ വിഭാഗങ്ങളിൽ ബഹുഭൂരിപക്ഷത്തിനും മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ടുതന്നെ ഇവരുടെ മക്കളിൽ ഭാഷാശേഷി ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
പഠന പ്രക്രിയയോട് മുഖം തിരിച്ചു നിൽക്കുന്ന കുട്ടികളുടെ എണ്ണം ഈ മേഖലയിൽ ഗണ്യമായി ഉയർന്നു. വിദ്യാലയങ്ങളിൽ എത്താൻ മടിക്കുന്ന കുട്ടികളുടെ എണ്ണം എത്തിച്ചേരുന്ന കുട്ടികളെക്കാൾ മൂന്നിരട്ടി വർധിച്ചു എന്ന് സമഗ്ര ശിക്ഷാ കേരളം നടത്തിയ പഠനത്തിലൂടെ വ്യക്തമായിരുന്നു.
ഏത് സാഹചര്യത്തിൽ ആണെങ്കിലും കുട്ടികളുടെ പഠന പ്രക്രിയയ്ക്ക് മുടക്കം വരാൻ പാടില്ലെന്ന മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഇടമലക്കുടിക്കായി പ്രത്യേക വിദ്യാഭ്യാസ ഭാഷ പരിശീലന പദ്ധതിയാണ് സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ചത്. പ്രത്യേക പരിശീലനം സിദ്ധിച്ച എസ്.എസ്.കെ ട്രെയിനർമാരും ഇടുക്കി ജില്ലയിൽ നിന്നു തന്നെ തെരഞ്ഞെടുത്ത എഡ്യൂക്കേഷൻ വാളണ്ടിയർമാരും ഇടമലക്കുടിയിലെ ട്രൈബൽ എൽ.പി സ്കൂളിൽ താമസിച്ചാണ് അറുപതോളം മുതുവാൻ വിഭാഗത്തിലെ കുട്ടികൾക്ക് വ്യത്യസ്ത ബാച്ചുകൾ തിരിച്ച് ഭാഷാ പരിശീലനം നൽകി വരുന്നത്.
പാഠപുസ്തകമോ മറ്റ് രീതിയോ നേരിട്ട് അവലംബിക്കാതെ മുതുവാൻ വിഭാഗത്തിന്റെ തന്നെ ജീവിതരീതി, സംസ്കാരം, ചുറ്റുപാടുകൾ, ഭക്ഷണ രീതി തുടങ്ങിയവ മനസ്സിലാക്കിയാണ് സമഗ്ര ശിക്ഷ കേരളം ഭാഷാ പരിശീലന പദ്ധതി തയാറാക്കിയിരിക്കുന്നത്. ഏകദേശം ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായ പഠന പ്രവർത്തനമാണ് ഒരുക്കിയിരിക്കുന്നത്.
ഇടമലക്കുടി ഗ്രാമപഞ്ചായത്ത് , ട്രൈബൽ -വനം വകുപ്പുകൾ തുടങ്ങിയ ഏജൻസികളുമായി സഹകരിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പ്രത്യേക ഭാഷാ പരിശീലനം നടപ്പാക്കുന്നത്. മുതുവാൻ കുട്ടികളിലെ ഭാഷാ നൈപുണി വർദ്ധിപ്പിക്കുന്നതിനൊപ്പം മേഖലയിൽ മലയാളഭാഷ വ്യാപിപ്പിക്കുന്നതിനും , വീട്ടുഭാഷയ്ക്കൊപ്പം വിദ്യാലയ ഭാഷ കൂടി നൽകി പഠന കാര്യത്തിൽ സ്വയം പര്യാപ്തരാക്കുകയും ചെയ്യുക എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരളം ലക്ഷ്യമിടുന്നത്.
തമിഴ് മുതുവാൻ , മലയാളി മുതുവാൻ എന്നീ വിഭാഗങ്ങൾക്കായി പ്രത്യേകം പരിശീലനമാണ് നൽകിവരുന്നത്. സമഗ്ര സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ട്രൈബൽ ലാംഗ്വേജ് വിഭാഗത്തിലെ വ്യത്യസ്തമായ പരിശീലനമാണ് സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.എസ്. സിന്ധുവിന്റെ നേതൃത്വത്തിൽ ഇടമലക്കുടിയിൽ നടന്നുവരുന്നതെന്ന് സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോ. എ. ആർ. സുപ്രിയ അറിയിച്ചു. സംസ്ഥാനത്തിന് മാതൃകയാകുന്ന ഈ പരിശീലന പദ്ധതിയുടെ ഔദ്യോഗിക വിജയപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സമഗ്ര ശിക്ഷ കേരളവും അതിന്റെ സംഘാടകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.