കണ്ണൂരിനെ അധിക്ഷേപിച്ചവർക്ക് കുട്ടികൾ മറുപടി നൽകി -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിശേഷിപ്പിച്ച സംസ്കാര വിരുദ്ധര്‍ക്ക് 1056 പുസ്തകങ്ങളിലൂടെ ജില്ലയിലെ കുട്ടികള്‍ മറുപടി നല്‍കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ജില്ല പഞ്ചായത്തിന്റെ 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 1056 പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയത് കണ്ണൂരിലെ വിദ്യാര്‍ഥികളാണ്. കലാസാഹിത്യ രംഗങ്ങളില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ഇത്രയേറെ കുരുന്നുകളുള്ള നാടിനെ ബ്ലഡി കണ്ണൂരെന്ന് ചിലര്‍ അധിക്ഷേപിച്ചു. അവര്‍ക്ക് കുഞ്ഞുങ്ങള്‍ നല്കുന്ന മറുപടിയാണിതെന്നും കണ്ണൂരിനെ ബ്യൂട്ടിഫുളെന്ന് തന്നെ വിശേഷിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 50000 കുട്ടികള്‍ എഴുത്തും വരയും നിറവും നല്കിയ 1056 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
കെ.വി. സുമേഷ് എം.എല്‍.എ, ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന് എന്നിവര്‍ മുഖ്യാതിഥികളായി. കണ്ണൂര്‍ ഡി.ഡി.ഇ എ.പി. അംബിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ.കെ. രത്നകുമാരി, യു.പി. ശോഭ, വി.കെ. സുരേഷ് ബാബു, അഡ്വ. ടി. സരള, തോമസ് വക്കത്താനം, ഉഷ രയരോത്ത്, ജില്ല പഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുല്ലത്തീഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി. ഗംഗാധരന്, കോളജ് പ്രിന്‍സിപ്പല്‍ കെ.ടി. ചന്ദ്രമോഹന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.