മക്കളെ ചികിത്സിക്കണം; ഹൃദയം 'വിൽപനക്കുവെച്ച്' റോഡരികിൽ ഒരമ്മ
text_fieldsകൊച്ചി: 'ഫോർ സെയിൽ; മക്കളുടെ ചികിത്സ സഹായത്തിനും കടബാധ്യതകൾ തീർക്കാനും അമ്മയുടെ ശരീരാവയവങ്ങൾ (ഹൃദയം ഉൾെപ്പടെ) വിൽപനക്ക്'... ഇടതടവില്ലാതെ വാഹനങ്ങൾ പായുന്ന കൊച്ചിയിലെ കണ്ടെയ്നർ റോഡിെൻറ ഓരത്ത് ഞായറാഴ്ച വൈകീട്ടു മുതൽ തിങ്കളാഴ്ചവരെ കണ്ട പരസ്യബോർഡാണിത്. ആ അക്ഷരങ്ങളിൽ അഞ്ചു മക്കളിൽ മൂന്നുപേരുടെ ചികിത്സക്കും ജീവിതച്ചെലവുകൾക്കുമായി നെട്ടോട്ടമോടുന്ന ഒരമ്മയുടെ കണ്ണീരുണ്ടായിരുന്നു. വാടകവീട്ടിൽനിന്ന് ഇറക്കിവിട്ടതോടെയാണ് അവയവം വിൽക്കാനുണ്ടെന്ന ബോർഡ് സ്ഥാപിച്ചും മക്കളോടൊപ്പം കുടിൽകെട്ടിയും ശാന്തിയെന്ന അമ്മ സമരം ചെയ്തത്.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇവരെ വിളിക്കുകയും ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്നും വീട്ടുവാടക ലയൺസ് ക്ലബ് ഏറ്റെടുക്കുമെന്നും അറിയിച്ചതോടെ സമരത്തിൽനിന്ന് പിൻമാറുകയായിരുന്നു. ഇതിനിടെ മുളവുകാട് പൊലീസും ചൈല്ഡ് ലൈന് അധികൃതരുമെത്തി സ്റ്റേഷനിലേക്ക് മാറ്റി.
''മറ്റൊരു നിവൃത്തീമില്ലാഞ്ഞിട്ടാ റോഡുവക്കത്ത് അങ്ങനൊരു ബോർഡും വെച്ച് ഇരിക്കേണ്ടിവന്നത്. ഞായറാഴ്ച ഞങ്ങളെ വാടകവീട്ടീന്ന് ഇറക്കിവിട്ടു. എങ്ങോട്ട് പോണമെന്ന് ഒരു പിടിയുമില്ല. മക്കളുടെ ചികിത്സക്കായി 25 ലക്ഷത്തോളം രൂപ വായ്പയെടുത്തിട്ടുണ്ട്. ഇനീമുണ്ട് ശസ്ത്രക്രിയ. ഞാനെന്തു ചെയ്യണമായിരുന്നു?'' -ശാന്തി ചോദിക്കുന്നു. ഇവരും അഞ്ചു മക്കളിൽ മൂന്നുപേരും പല അസുഖങ്ങൾക്കും ചികിത്സയിലാണ്. മൂത്തമകൻ രാജേഷ് കുമാറിന് (25) കഴിഞ്ഞ വർഷം വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടാമത്തെയാൾ രഞ്ജിത്തിന് (23) ജനിച്ചപ്പോഴേ വയറിനകത്ത് മുഴയായിരുന്നു.
ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് പാർശ്വഫലങ്ങളെ തുടർന്ന് ബുദ്ധിമുട്ടുന്നു. 21 വയസ്സുള്ള മൂന്നാമത്തെ മകൻ സജിത് പ്ലസ് ടു കഴിഞ്ഞ് തിയറ്ററിൽ ജോലിക്കുപോയി. കോവിഡിൽ തിയറ്റർ അടഞ്ഞതോടെ ആ ജോലിയും ഇല്ലാതായി. നാലാമത്തെ കുട്ടി സജീവ് പ്ലസ് വണ്ണിലെത്തിയതേയുള്ളൂ. ഇളയകുട്ടിയായ ജെസീകക്കും(11) ആറുവർഷം മുമ്പുണ്ടായ ഒരപകടത്തിൽ തലച്ചോറിന് സാരമായ പരിക്കേറ്റു. ശാന്തിക്കും അന്ന് പരിക്കുകളുണ്ടായിരുന്നു.
സജിത്തും സജീവുമൊഴികെ എല്ലാവരും കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം നിലമ്പൂരിൽനിന്നുള്ള കുടുംബം ചികിത്സക്കായി ഇങ്ങോട്ട് മാറുകയായിരുന്നു. ഇതിനിടെ ഭർത്താവ് ഉപേക്ഷിച്ചതോടെ ജീവിതം കൂടുതൽ ദുരിതത്തിലായി. കിട്ടാവുന്നിടത്തുനിന്നെല്ലാം പണം കടം വാങ്ങിയ ശാന്തിക്ക് ഇതെങ്ങനെ തിരിച്ചുകൊടുക്കാനാവുമെന്നറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.