ആ കാർഡുകളിൽ അവരുടെ സ്നേഹമായിരുന്നു
text_fieldsകറ്റാനം: വീട്ടുവിലാസങ്ങളിലേക്ക് എത്തിയ ആശംസകാർഡുകൾ ഏറ്റുവാങ്ങുമ്പോൾ സങ്കടവും സന്തോഷവുമായി അമ്മമാർ. ഇലിപ്പക്കുളം എം.ഇ.എസ് ഭിന്നശേഷി സ്കൂളിലെ 27ലധികം കുട്ടികളുടെ വീടുകളിലാണ് ക്രിസ്മസ് കാർഡുകളുമായി പോസ്റ്റ്മാൻ എത്തിയത്. നവമാധ്യമ കാലത്ത് തപാൽ കാർഡുകൾ അന്യമാകുമ്പോഴാണ് വേറിട്ട പ്രവർത്തനവുമായി എം.ഇ.എസ് ഭിന്നശേഷി സ്കൂൾ രംഗത്ത് വന്നത്. ബൗദ്ധിക ഭിന്നശേഷിക്കാരായ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെയാണ് കാർഡുകൾ തയാറാക്കിയത്. അഞ്ച് കുട്ടികൾക്ക് ഒരു അധ്യാപിക എന്ന നിലയിലായിരുന്നു മേൽനോട്ടം. ‘പോസ്റ്റ് ഓഫിസും പോസ്റ്റ്മാനും’ എന്ന പാഠഭാഗത്തിന്റെ പഠനം എന്ന നിലയിലാണ് കാർഡുകൾ തയാറാക്കിയത്. തുടർന്ന് വള്ളികുന്നം പോസ്റ്റ് ഓഫിസ് സന്ദർശിച്ച ഇവരെ ഹൃദ്യമായാണ് ജീവനക്കാർ സ്വീകരിച്ചത്. വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദും ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീലേഖയും കുട്ടികളെ സഹായിക്കാൻ ഒപ്പംകൂടി.
പ്രിൻസിപ്പൽ ഷംന, അധ്യാപകരായ അനില, ബിന്ദു, ദിവ്യ, സറീന എന്നിവരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. അഞ്ച് മുതൽ 45 വയസ്സ് വരെയുള്ളവരായ 120ഓളം കുട്ടികളാണ് ഇവിടെ പഠിക്കാൻ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.