ചാച്ചാജിയുടെ പിറന്നാളാഘോഷവും ഇത്തവണ ഓൺലൈനിൽ
text_fieldsകൊച്ചി: തൂവെള്ള കുർത്തയും ചാച്ചാ തൊപ്പിയുമണിഞ്ഞ്, നെഞ്ചിലൊരു പനിനീർപൂവ് കുത്തിവെച്ച് ഓരോ നവംബർ 14നും കുരുന്നുകൾ ഒന്നൊന്നായി സ്കൂൾ അങ്കണത്തിലേക്ക് നടന്നുവരും. അസംബ്ലിയും റാലിയും മധുരവിതരണവും പാട്ടും പരിപാടികളുമെല്ലാമായി അവർ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവെന്ന കുട്ടികളുടെ ചാച്ചാജിയുടെ പിറന്നാൾ ആഘോഷമാക്കും. എന്നാൽ, ശിശുദിനത്തിലെ ഇത്തരം കാഴ്ചകൾ ഇത്തവണയില്ല. കോവിഡ് കാലത്ത് ശിശുദിനാഘോഷവും വീട്ടിലാണ്, അതും ഓൺലൈനായി. പരിപാടികളെല്ലാം സൂമിലും ഗൂഗിൾ മീറ്റിലുമെല്ലാം തകർക്കും. പക്ഷേ, ഒത്തുചേർന്ന് ആഘോഷിക്കുന്ന രസം കിട്ടുമോ, ഈ ശിശുദിനത്തിന്. കുട്ടികളുടെ പ്രിയപ്പെട്ട നാല് താരങ്ങൾ പങ്കുവെക്കുന്നു ഇത്തവണത്തെ ശിശുദിനത്തെക്കുറിച്ച്;
ശിവാനി മേനോൻ
'ഉപ്പും മുളകും' സീരിയലിലെ ശിവയായും ചാനലുകളിലെ കുട്ടിപ്പരിപാടികളിലെ അവതാരികയായും മലയാളികളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ശിവാനിക്ക് ഇക്കുറി ശിശുദിനാഘോഷം ചെറുതല്ല സങ്കടം നൽകുന്നത്. കുഞ്ഞുനാൾ മുതൽ സ്കൂളിെല ആഘോഷങ്ങളിലെ താരമായിരുന്നു ശിവാനി. പ്രസംഗമത്സരം മാത്രമല്ല, ശിശുദിനാഘോഷത്തിെൻറ അവതരണംപോലും ഈ മിടുക്കിയായിരിക്കും നടത്തുക. അതുകൊണ്ടുതന്നെ ചാച്ചാജിയെക്കുറിച്ച് ഒരുപാട് അറിയാം. പരിപാടികളാൽ സമ്പന്നമായിരിക്കും ഓരോ ശിശുദിനവുമെന്ന് ശിവ പറയുന്നു. മറ്റ് സ്കൂളുകളിൽ അതിഥിയായും പോകാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ എല്ലാം ഓൺലൈനിൽ ഒതുങ്ങിയെന്ന നിരാശയിലാണ്. ഓൺലൈനിലും നിരവധി സ്കൂളുകളുടെ പരിപാടികളിൽ ശിവാനി പങ്കെടുക്കുന്നുമുണ്ട്. ചാലക്കുടി ബിലീവേഴ്സ് ചർച്ച് വിജയഗിരി പബ്ലിക് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് കുട്ടിത്താരം.
ആദിഷ് പ്രവീൺ
'കുഞ്ഞുദൈവം' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദിഷ് പ്രവീൺ സാധാരണഗതിയിൽ ഷൂട്ടിങ് തിരക്കുകളിലായിരിക്കും. ശിശുദിനത്തിൽ സ്കൂളിലുണ്ടെങ്കിൽ പരിപാടികളിൽ തകർക്കും. െനഹ്റുവിനെ ഏറെ സ്നേഹിക്കുന്ന ആദിഷ് ശിശുദിന പ്രസംഗമത്സരങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്. കോവിഡ് വന്നതോടെ വീട്ടിലൊതുങ്ങി.
വിഡിയോകാളിലൂടെയാണ് കൂട്ടുകാരെയെല്ലാം കാണുന്നത്. സ്കൂളില്ലെങ്കിലും സ്വന്തം നാടായ കാലടി ഒക്കലിലെ ഒരു വായനശാലയിലെ ശിശുദിനാഘോഷപരിപാടി ഉദ്ഘാടനം ചെയ്യുന്നത് ആദിഷാണ്.
അടുത്തവർഷം കോവിഡ് മാറി ആഘോഷം ഇരട്ടിയാക്കാം എന്നാണ് കാലടി ചെങ്ങൽ ജ്ഞാനോദയ സെൻട്രൽ സ്കൂളിലെ ഏഴാംക്ലാസുകാരൻ പറയുന്നത്.
ആര്യനന്ദ ആർ. ബാബു
കോഴിക്കോട്ടുനിന്നെത്തി മുംബൈയിെല ചാനലിലെ സരിഗമപ റിയാലിറ്റി ഷോ വിജയിയായി മലയാളികൾക്ക് അഭിമാനമായ കൊച്ചുഗായികയാണ് ആര്യനന്ദ ആർ. ബാബു. ശിശുദിനങ്ങളിൽ പരിപാടികളിൽ മുഖ്യാതിഥിയായും ഉദ്ഘാടകയായുമെല്ലാം തിരക്കോടു തിരക്കായിരിക്കും ആര്യനന്ദക്ക്.
സ്കൂളിലാണെങ്കിൽ ദേശഭക്തിഗാനമുൾെപ്പടെ മത്സരങ്ങളിലും പങ്കെടുക്കണം. ആഘോഷങ്ങളൊന്നും ഇക്കുറിയില്ലല്ലോ എന്ന പരിഭവത്തിലാണ് ആര്യനന്ദയും.
സൂമിൽ പങ്കെടുക്കുകയും വാട്സ്ആപ്പിൽ ആശംസയറിയിക്കുകയും മാത്രമാണ് ചെയ്യാനാവുകയെന്ന് പാട്ടുകാരി പറയുന്നു. കടലുണ്ടിനഗരം ഐഡിയൽ പബ്ലിക് സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്.
ഫായിസ്
'ചെലോൽത് റെഡ്യാവും... ചെലോൽത് റെഡ്യാവൂല..' എന്ന ഒരൊറ്റ ഡയലോഗിലൂടെ കേരളക്കരയെ ൈകയിലെടുത്ത മലപ്പുറത്തെ മിടുക്കൻ കുട്ടി ഫായിസും സ്കൂളില്ലാത്ത ദുഃഖത്തിലാണ്. വെള്ളത്തൊപ്പിയും മറ്റുമായി ശിശുദിനത്തിന് സ്കൂളിലെത്തിയിരുന്നു കഴിഞ്ഞ വർഷം വരെ. ഇക്കുറി അതൊന്നും പറ്റൂല്ലെങ്കിലും കുടുംബത്തിലെ കുട്ടികളെയൊക്കെ സെറ്റാക്കി വീട്ടിൽതന്നെ പരിപാടി നടത്താനുള്ള ഒരുക്കത്തിലാണ്.
ഒമ്പത് കുട്ടികൾ മാസ്ക് ഒക്കെയിട്ട് പങ്കെടുക്കുന്ന ആഘോഷത്തിൽ ക്വിസും പാട്ടുമത്സരവുമെല്ലാമുണ്ട്. വിജയികൾക്ക് നൽകാൻ ഉമ്മ നൽകിയ പണം കൊണ്ട് പേന, പെൻസിൽ, മായ്ക്കാറബർ (ഇറേസർ), കൂർപ്പികട്ടർ(ഷാർപ്നർ), ബുക്ക് എല്ലാം വാങ്ങിവെച്ചിട്ടുണ്ടെന്നും ഫായിസ് പറയുന്നു. കിഴിശ്ശേരി കുഴിമണ്ണ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസുകാരനാണ് ഈ കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.