പൊതുസ്ഥലത്ത് കുട്ടികളെ കൊണ്ടുവന്നാൽ 2000 രൂപ പിഴ? വാർത്തയുടെ യാഥാർഥ്യം ഇതാണ്
text_fieldsകുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയാണ് പൊതു സ്ഥലങ്ങളിൽ കുട്ടികളെ കൊണ്ടുവന്നാൽ പിഴ ഈടാക്കും എന്നത്. 2000 രൂപ പിഴ അടക്കേണ്ടിവരുമെന്നും രക്ഷിതാക്കൾക്കെതിരെ നടപടി എടുക്കുമെന്നുമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ധാരാളംപേർ ഇത് വിശ്വസിക്കുകയും കുട്ടികളുമായി സഞ്ചാരം ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെട്ട വാർത്തയുെട ചുരുക്കം ഇതാണ്.
'സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ആരോഗ്യ വകുപ്പ്. ഇതിന്‍റെ ഭാഗമായി പുതിയ മാർഗ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. 10 വയസിന് താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്ത് കൊണ്ടു വന്നാൽ അവരിൽ നിന്ന് 2000 രൂപ പിഴ ഈടാക്കുമെന്നാണ് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പൊതു സ്ഥലങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പത്ത് വയസിന് താഴെ പ്രായമുള്ളവരുമായി പൊതു സ്ഥലങ്ങളിൽ എത്തുന്ന മാതാപിതാക്കൾക്ക് കർശന ശിക്ഷയും ഇവരിൽ നിന്നും നിന്നും 2000 രൂപ പിഴയും ഈടാക്കുമെന്ന് പോലീസും അറിയിച്ചു. നിർദ്ദേശം അവഗണിച്ച് കുട്ടികളുമായി പൊതുസ്ഥലങ്ങളിൽ എത്തുന്നവരെ കണ്ടെത്താൻ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്'. നിരവധി സോഷ്യൽ മീഡിയാ വാർത്താ പോർട്ടലുകൾ ഇത്തരമൊരു വാർത്ത പങ്കുവച്ചിട്ടുണ്ട്.
വാർത്തയുടെ വാസ്തവം
ഈ വാർത്തയുടെ വാസ്തവം വ്യക്തമാക്കി കേരള പൊലീസ് തന്നെ രംഗത്തുവന്നിട്ടുണ്ട്. പൊലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് വാർത്തയുടെ സത്യാവസ്ഥ പുറത്തുവിട്ടത്. പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.
പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.