നാവികസേന വളപ്പിൽ കുട്ടിയുടെ മരണം; ഏഴര ലക്ഷം പലിശ സഹിതം നഷ്ടപരിഹാരത്തിന് ഉത്തരവ്
text_fieldsRepresentational Image
കൊച്ചി: ഫോർട്ട്കൊച്ചിയിൽ നാവികസേനയുടെ റെസിഡൻഷ്യൽ കോംപ്ലക്സ് പരിസരത്തെ സുരക്ഷാ വേലിയില്ലാത്ത കുഴിയിൽ വീണ് നാവികന്റെ കുട്ടി മരിച്ച സംഭവത്തിൽ ഏഴര ലക്ഷം രൂപ പലിശ സഹിതം നഷ്ടപരിഹാരം നൽകാൻ ഹൈകോടതി ഉത്തരവ്. റെസിഡൻഷ്യൽ കോംപ്ലക്സിനോട് ചേർന്ന പാർക്കിന് പിന്നിലെ കുഴിയിൽ വീണ് മരിച്ച കുട്ടിയുടെ പിതാവ് നാവികനായ വിശാഖപട്ടണം സ്വദേശി എസ്.ടി. റെഡ്ഢിയും ഭാര്യ നാരായണമ്മയും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.
സംഭവത്തിൽ നാവികസേന അധികൃതർക്ക് ഉത്തരവാദിത്തമുണ്ടെന്ന് വിലയിരുത്തിയാണ് നഷ്ടപരിഹാരം അനുവദിക്കാൻ കോടതി ഉത്തരവിട്ടത്. ഇവരുടെ മകൾ സായ് ആകാശ് 2015 ഫെബ്രുവരി 22നാണ് മഹാവീർ എൻക്ലേവ് എന്ന റെസിഡൻഷ്യൽ കോംപ്ലക്സിനോട് ചേർന്ന പാർക്കിന് പിന്നിലെ കുഴിയിൽ വീണ് മരിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹരജിക്കാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, മഹാവീർ എൻക്ലേവിലെ അറ്റകുറ്റപ്പണിക്ക് ഒന്നര മീറ്റർ ആഴത്തിലെടുത്ത കുഴി തുറന്നിട്ടത് കരാറുകാരന്റെ വീഴ്ചയാണെന്നും ഉത്തരവാദിത്തം അയാൾക്കാണെന്നും നാവികസേന അധികൃതർ വ്യക്തമാക്കി. എന്നാൽ, മഹാവീർ എൻക്ലേവുമായി ബന്ധപ്പെട്ട പ്രദേശം പ്രഥമദൃഷ്ട്യാ നാവികസേനയുടെ ചുമതലയുള്ള മേഖലയായതിനാൽ കരാറുകാരന് മതിയായ നിർദേശം നൽകേണ്ട ചുമതല അധികൃതർക്കുണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു.
അവർക്കെതിരെ നടപടിക്കും ബാധ്യതയുണ്ടായിരുന്നു. അതിനാൽ, കുട്ടി മരിക്കാനിടയായ സംഭവത്തിൽ അധികൃതർക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹരജിക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് ഉടൻ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഹരജി നൽകിയ 2015 ആഗസ്റ്റ് മുതൽ പണം നൽകുന്നത് വരെയുള്ള 7.5 ശതമാനം പലിശയും ഇതിനൊപ്പം നൽകാൻ നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.