ഇന്ത്യ പിടികൂടിയ സൈനികനെ വിട്ടുനൽകണമെന്ന് ചൈന
text_fieldsബീജിങ്: നിയന്ത്രണ രേഖ മറികടന്നതിനെ തുടർന്ന് ഇന്ത്യ പിടികൂടിയ സൈനികനെ വിട്ടുനൽകണമെന്ന് ചൈന. ഇരുട്ടും ദുർഘടമായ ഭൂമിശാസ്ത്രവും കാരണമാണ് സൈനികന് വഴിതെറ്റിപ്പോയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾ ഇന്ത്യ കർശനമായി പാലിക്കണം. കാണാതായ സൈനികനെ എത്രയും വേഗം തിരികെ അയക്കണം. ഇതിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനും ഗുണകരമാകുമെന്നും ചൈനീസ് അധികൃതർ ചൂണ്ടിക്കാട്ടി.
അതേസമയം, പിടിയിലായ ചൈനീസ് സൈനികന്‍റെ കാര്യത്തിൽ നടപടിക്രമങ്ങൾ പിന്തുടരുകയാണെന്നും നിയന്ത്രണരേഖ മറികടക്കാനുണ്ടായ സാഹചര്യം അന്വേഷിക്കുകയാണെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ പ്രതികരിച്ചത്.
ജനുവരി എട്ടിന് പുലർച്ചെയാണ് ലഡാകിലെ തെക്കൻ പാങ്ങോങ് സോ തടാക മേഖലയിലെ ഇന്ത്യൻ ഭാഗത്ത് ചൈനീസ് സൈനികനെ കണ്ടത്. നിയന്ത്രണരേഖ മുറിച്ചു കടന്നയുടൻ ഇയാളെ ഇന്ത്യൻ അതിർത്തി രക്ഷാസേന കസ്റ്റഡിയിലെടുത്തു.
ഒക്ടോബറിന് ശേഷം രണ്ടാം തവണയാണ് ഇന്ത്യൻ ഭൂപ്രദേശത്തേക്ക് ചൈനീസ് സൈനികൻ നിയന്ത്രണരേഖ മുറിച്ചുകടന്നെത്തുന്നത്. ഡെംചോക് സെക്ടറിൽ നിന്ന് പിടികൂടിയ സൈനികനെ ഇന്ത്യൻ സേന നേരത്തേ തിരിച്ചയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.