നിരോധനങ്ങള്‍ക്കിടയിലെ നോമ്പ്
text_fieldsവര്‍ഷാവര്‍ഷം മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്ന വാര്‍ത്തയാണ് “ചൈനയില്‍ നോമ്പ് നിരോധിച്ചു” എന്നത്. ഗവൺമെന്‍റ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവരെ ഉദ്ദേശിച്ചാണ് ഈ നിരോധം എന്നാണ് ഇവിടത്തെ ഔദ്യോഗിക ഭാഷ്യം, വിദ്യാഭ്യാസത്തിനു പ്രത്യേക പ്രാധാന്യം നല്‍കുന്നത് കൊണ്ട്. ഇക്കാലയളവില്‍ കുട്ടികള്‍ക്ക് വേണ്ട പോഷകങ്ങള്‍ കിട്ടില്ല, അധ്യാപനത്തില്‍ ഏഗാഗ്രത കിട്ടില്ല എന്നൊക്കെയാണ് ന്യായം. അത് വേറൊരു ചര്‍ച്ച.
”കേച്വാ”, ഷാഓഷിങ്; ചൈനയുടെ ടെക്സ്റ്റയില്‍ സിറ്റി എന്നറിയപ്പെടുന്ന സുന്ദരമായ നഗരം, ഏകദേശം 2000 ത്തോളം ഇന്ത്യക്കാര്‍, അതില്‍ താഴെ പാകിസ്ഥാനികള്‍ യമനികള്‍, ഇറാനികള്‍ മറ്റ് രാജ്യക്കാര്‍ നിവസിക്കുന്നിടം. മറു രാജ്യക്കാരുടെ 4 ഓളം പള്ളികള്‍ ഇവിടുണ്ട്, യമനി, പാകിസ്ഥാനി…. തുടങ്ങിയവ. ചൈനീസ് പള്ളികള്‍ ഒന്നും ഞാനിവിടെ കണ്ടിട്ടില്ല. ഓരോ രാജ്യക്കാര്‍ക്കും പ്രത്യേകം കൂട്ടായ്മകളുണ്ട് , നമ്മള്‍ മലയാളികള്‍ക്ക് പ്രത്യേകിച്ചും “മാക്” (മലയാളി അസോസിയേഷന്‍ ചൈന), ഇന്ത്യയില്‍ നിന്നുള്ളവരുടെ ഇന്ത്യന്‍ കമ്യൂണിറ്റി ഓഫ് കെച്വ, പിന്നെ പാകിസ്ഥാന്‍ അസോസിയേഷന്‍ ചൈന അങ്ങനെ പോകുന്നു.
നോമ്പിന് ഇവിടെ ദൈര്‍ഘ്യം കൂടുതലാണ്, സുബ്ഹി 3.20നും മഗ്രിബ് 7 മണിയോടടുത്തും. സാധാരണ യമനി മസ്ജിദിലാണ് നോമ്പ് തുറക്കാന്‍ പോകുന്നത്. നല്ല അറേബ്യന്‍ വിഭവങ്ങളും, പഴവര്‍ഗങ്ങളും അടങ്ങിയ മധുര പലഹാരങ്ങളും അടങ്ങിയ ഇഫ്താര്‍. ഓരോ നാട്ടിലും ഓരോ തരത്തിലാണ് നോമ്പ് തുറ.
നാട്ടില്‍ (എറണാകുളം) ചില പള്ളികളില്‍ സമൂസയും നാരങ്ങാ വെള്ളവും, ചിലയിടങ്ങളില്‍ തരിക്കഞ്ഞി, ജീരക കഞ്ഞി, കപ്പ പുഴുക്ക്, അങ്ങനെ പോകുന്നു ലിസ്റ്റ്. നോമ്പ് തുറക്ക് ശേഷം തറാവീഹ് കൂടി യമനി പള്ളിയില്‍ കഴിഞ്ഞാണ് മടക്കം.
വുഷിന്‍ വരെ പോകേണ്ടി വന്നപ്പോഴാണ് ചൈനീസ് പള്ളിയില്‍ നോമ്പ് കൂടാന്‍ പറ്റിയത്, കണ്ട് ശീലിച്ച ഇഫ്താറുകളില്‍ നിന്ന്‍ തികച്ചും വ്യത്യസ്ഥമായത്. ഗ്രീന്‍ ടീ, ഈത്തപ്പഴം, തണ്ണിമത്തന്‍, ഷമാം.. പള്ളിയുടെ ഗ്രൗണ്ട് ഫ്ലോറിലെ ഒരു ഹാളില്‍ തീന്‍ മേശയില്‍ മനോഹരമായി ഇവ ഒരുക്കി വച്ചിരിക്കുന്നു മുകള്‍ നിലയിലാണ് നിസ്കാര ഹാള്‍.
നോമ്പ് തുറക്കാന്‍ കുടുംബവുമായാണ് പലരും എത്തിയിട്ടുള്ളത് സ്ത്രീകളും പുരുഷന്മാരും, കുട്ടികളും.. കുട്ടികളുടെ ഓട്ടവും ചാട്ടവും കരച്ചിലും ചേര്‍ന്ന അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥന നിരതമായിരിക്കുന്ന മുതിര്‍ന്നവര്‍. വരുന്ന അതിഥികളെ ഇരിപ്പിടം കാണിച്ച് കൊടുക്കുന്നവര്‍… ഇടയില്‍ രൂപ-വേഷാദികളില്‍ തികച്ചും വ്യത്യസ്ഥരായി രണ്ട് പേര്‍ ഞാനും എന്‍റെ വാപ്പയും. പ്രാർഥനകളോടെ ഞങ്ങളും ആ കൂട്ടത്തിലേക് ചേര്‍ന്നു. ബാങ്ക് വിളിക്കായുള്ള നിമിഷങ്ങള്‍ക്ക് മണിക്കൂറുകള്‍ ദൈര്‍ഘ്യം തോന്നിപ്പിച്ച് സെക്കന്ഡ് സൂചി നടക്കുന്നു.
നാട്ടില്‍ മുഅദ്ദിന്‍ / മുക്രി മൈക്കില്‍ തട്ടുന്ന ശബ്ദത്തിനൊപ്പം തന്നെ നോമ്പ് തുറക്കുള്ള പ്രാർഥനയും ചേര്‍ത്ത് ഈത്തപ്പഴം കഴിക്കലാണ്. പ്രതീക്ഷകള്‍ വിരുദ്ധമായി ബാങ്കിനു പകരം നോമ്പ് തുറക്കുള്ള പ്രാർഥന ഉച്ചത്തില്‍ ഇമാം ചൊല്ലുകയും മറ്റുള്ളവര്‍ ഏറ്റു ചൊല്ലാനും തുടങ്ങി. നാളത്തെ നോമ്പിനുള്ള നിയ്യത്ത് കൂടി വെപ്പിച്ചാണ് പ്രാര്‍ത്ഥന അവസാനിച്ചത്… അങ്ങനെ നോമ്പ് തുറന്നു.
അറബി ഉച്ചാരണത്തിലും അവര്‍ക്ക് അവരുടേതായ ശൈലികളുണ്ട്… അവിടെ തന്നെയുള്ള മുസ്ലിം ഭക്ഷണ ശാലയുടെ നോമ്പ് തുറയായിരുന്നു അന്ന്‍, പള്ളിയില്‍. മഗ്രിബ് നമസ്കാരാനന്തരം എല്ലാവരും അങ്ങോട്ട് പോയീ. ബീഫ് നിരോധന വാര്‍ത്തകള്‍കൊപ്പം നല്ല ബീഫും പരമ്പരാഗത ചൈനീസ് ശൈലിയിലുള്ള ഭക്ഷണവും, നാട്ടിലെ ബീഫ് നിയന്ത്രണത്തെ പറ്റി ഇമാം ചോദിച്ചപ്പോള്‍. കേരളം വേറെ ലെവലാണേന്ന്‍ പറഞ്ഞു സൂപ്പിലേക്ക് ലയിച്ചു, മാറ്റ് മാംസങ്ങളെ അപേക്ഷിച്ച് ഇവിടെ ബീഫിനാണ് വില.
ചൈനീസ് ശൈലിയിലുള്ള ഹലാല്‍ ഫുഡ് കണ്ടെത്തുക എന്നത് ശ്രമകരമാണ്. ആകെ ഉള്ള രക്ഷ ഇത്തരം അവസരങ്ങളും, ബുദ്ധ ഭക്ഷണ ശാലകളുമാണ്. ശേഷം തിരിച്ച് പള്ളിയിലേക്ക് പോയി തറാവീഹ് കൂടി. പ്രാർഥന നിരതമായ ലൈലത്തുല്‍ ഖദറിന് വഴിയൊരുക്കി, ഒരു നോമ്പ് കൂടി വിട പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.