മാനന്തവാടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ പേരിൽ ചൈനീസ് വായ്പ ആപ്പ് തട്ടിപ്പ്
text_fieldsമാനന്തവാടി: മാനന്തവാടി ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കിന്റെ പേരിൽ ചൈനീസ് ഓൺലൈൻ വായ്പ ആപ്പ് തട്ടിപ്പ്. വ്യക്തികളുടെ മൊബൈൽ ഫോണിലേക്ക് ഉപാധികളില്ലാതെ ഉടൻ വായ്പ ലഭിക്കുമെന്ന രീതിയിൽ ബാങ്കിന്‍റെ പേരിൽ സന്ദേശമയക്കും. ഇതിനൊപ്പമുളള ലിങ്കിൽ ക്ലിക്ക് ചെയ്ത് മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നവരുടെ ഫോണിലെ വ്യക്തിവിവരങ്ങൾ ചോർത്തിയെടുക്കുന്നതാണ് തട്ടിപ്പിന്‍റെ രീതി.
മാനന്തവാടി ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കിന്റെ പേരിൽ നൂറുകണക്കിനുപേർക്ക് സന്ദേശം ലഭിച്ചതായാണ് റിപ്പോർട്ട്. തട്ടിപ്പ് സംബന്ധിച്ച വിവരം കമ്പനി സർക്കാറിനെ അറിയിച്ചിട്ടുണ്ട്. മലയാളിയായ നന്ദകിഷോർ ഹരികുമാറിന്‍റെ നേതൃത്വത്തിലുള്ള ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷ കമ്പനിയായ ടെക്നിസാൻക്റ്റ് ആണ് തട്ടിപ്പിന് പിന്നിലെ ചൈനീസ് ശൃംഖലയെ കണ്ടെത്തിയത്.
മാനന്തവാടി ഫാർമേഴ്സ് സർവീസ് കോ-ഓപറേറ്റീവ് ബാങ്ക് എന്ന പേരിൽ ഇംഗ്ലീഷിലാണ് സന്ദേശം അയച്ചിട്ടുള്ളത്. വായ്പ നൽകാനുള്ള സന്ദേശത്തിന് പുറമെ ദിവസേന 5000 രൂപ മുതൽ ലഭിക്കുന്ന ജോലിയുണ്ടെന്ന തരത്തിലും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. മൊബൈൽ സന്ദേശത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചൈനീസ് വായ്പാ ആപ്പിന്‍റെ സെർവറിലേക്കാണ് എത്തുക. തുടർന്ന് പണം പിൻവലിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിക്കും.
ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം തന്നെ ഫോണിലുള്ള കോൺടാക്ടുകൾ, ഫോട്ടോ, വീഡിയോ, എസ്.എം.എസുകൾ തുടങ്ങിയ ഫോണിലെ സർവ വിവരങ്ങളും തട്ടിപ്പുകാരുടെ കൈയിലെത്തും. പണം തിരിച്ചടക്കാനായി ഇക്കൂട്ടർ നടത്തുന്ന ഭീഷണിക്ക് പിന്നാലെയാണ് സ്വകാര്യ വിവരങ്ങളും ദുരുപയോഗം ചെയ്യുന്നത്. വിഷയം ശ്രദ്ധയിൽപെട്ട ഉടനെ പൊലീസിൽ പരാതി നൽകിയെന്നും ഇടപാടുകാരിൽനിന്ന് ഇതുവരെ ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും മാനന്തവാടി ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് എം.ഡി എം. മനോജ് കുമാർ പറഞ്ഞു. ബാങ്കിന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്കോ, ഇടപാടുകള്‍ക്കോ ഒരു സുരക്ഷ ഭീഷണിയുമില്ലെന്നും പല സ്ഥാപനങ്ങളുടെ പേരിലും ഓൺലൈൻ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ആരും ഇത്തരം കെണിയിൽ വീഴരുതെന്നും അദ്ദേഹം അറിയിച്ചു.
ഗൂഗ്ൾ വായ്പ ആപ്പുകളെ നീക്കം ചെയ്യാൻ ഗൂഗ്ൾ നടപടിയാരംഭിച്ചതിന് പിന്നാലെയാണ് ആളുകളിലേക്ക് നേരിട്ടെത്താൻ ഇത്തരം സന്ദേശങ്ങൾ അയച്ചുതുടങ്ങിയിരിക്കുന്നത്.
ഒറ്റനോട്ടത്തിൽ ഇന്ത്യയിലെ ഐ.പി അഡ്രസുകളായി തോന്നുമെങ്കിലും ചൈനീസ് സേവനദാതാവായ ആലീബാബ ക്ലൗഡിലേക്കാണ് ഇത്തരം തട്ടിപ്പ് ആപ്പുകളുടെ ഐ.പി നയിക്കുന്നതെന്നും നിരോധിക്കപ്പെട്ട ഇത്തരം ആപ്പുകൾ പുതിയ പേരിൽ വീണ്ടുമെത്തിയിരിക്കുകയാണെന്നും നന്ദകിഷോർ ഹരികുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.