ചിങ്ങോലി ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
text_fieldsമാവേലിക്കര: ചിങ്ങോലി നെടിയാത്ത് പുത്തന്‍വീട്ടില്‍ ജയറാമിനെ (31) കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. മാവേലിക്കര അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി-മൂന്ന് ജഡ്ജി എസ്.എസ്. സീനയാണ് പ്രതികളായ ചിങ്ങോലി 11-ാം വാര്‍ഡില്‍ തറവേലിക്കകത്ത് പടീറ്റതില്‍ ഹരികൃഷ്ണന്‍ (36), ചിങ്ങോലി ഏഴാം വാര്‍ഡില്‍ കലേഷ് ഭവനത്തില്‍ കലേഷ് (33) എന്നിവർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം വീതം പിഴയും വിധിച്ച് ഉത്തരവായത്.
2020 ജൂലൈ 19ന് രാത്രി 7.30ന് ചിങ്ങോലി പഴയ വില്ലേജ് ഓഫിസിന് വടക്കുള്ള ബേക്കറിക്ക് മുന്നിലാണ് സംഭവം. ഇവിടെ നില്‍ക്കുകയായിരുന്ന ജയറാമിനെ ഹരികൃഷ്ണന്‍ കത്തികൊണ്ട് ഇടതുതുടയില്‍ കുത്തുകയായിരുന്നു. രണ്ടാം പ്രതി കലേഷ് കൊലപ്പെടുത്താന്‍ പ്രോത്സാഹിപ്പിച്ചെന്നുമായിരുന്നു കേസ്. ജയറാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരീലക്കുളങ്ങര സി.ഐയായിരുന്ന എസ്.എല്‍. അനില്‍ കുമാറായിരുന്നു അന്വേഷണോദ്യോഗസ്ഥന്‍. ഒളിവില്‍ പോയ പ്രതികളെ പത്തനംതിട്ടയിലെ ബന്ധുവീടിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു.
ജയറാമിന്റെ അമ്മ വിലാസിനിയും സഹോദരന്‍ ജയമോനും കോടതിയിലെത്തിയിരുന്നു. 39 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഹരികൃഷ്ണന്റെ ഭാര്യയും പ്രോസിക്യൂഷനുവേണ്ടി സാക്ഷിയായി. 64 രേഖകളും 14 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ കെ. സജികുമാര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.