ആത്മവിശ്വാസത്തോടെ ചിഞ്ചുറാണി; നാട്ടുകാരനായി എം.എം. നസീർ
text_fieldsകൺവെൻഷൻ കഴിഞ്ഞ് പ്രവർത്തകർ പുറത്തിറങ്ങിയിട്ടും നിലമേൽ ഷാലിമാർ ഓഡിറ്റോറിയത്തിൽ നിന്നുള്ള അനൗൺസ്മെൻറ് അവസാനിക്കുന്നില്ല.
പുറത്തെ എരിവേനലിലേക്ക് നടന്നിറങ്ങുമ്പോഴും സ്ഥാനാർഥിയുടെയും ഒപ്പമുള്ള പ്രവർത്തകരുടെയും മുഖങ്ങളിൽ ആശ്വാസത്തിെൻറ ചെറു ചിരികൾ. വിയോജിച്ചുനിൽക്കുകയായിരുന്ന സി.പി.ഐ ചടയമംഗലം മണ്ഡലം സെക്രട്ടറിയും ചടയമംഗലത്തെ സ്ഥാനാർഥി പരിഗണനാ ലിസ്റ്റിൽ ആദ്യ പേരുകാരനുമായിരുന്ന എ. മുസ്തഫ മടങ്ങിയെത്തി കൺവെൻഷനിൽ സ്വാഗതം പറഞ്ഞതോടെയാണ് ആശങ്കകൾ അസ്തമിച്ചതും; പ്രതീക്ഷകൾ പുലർന്നതും.
പുറത്തേക്കിറങ്ങുന്ന മുഖങ്ങളിലെല്ലാം അത് വായിച്ചെടുക്കാനാകും. എ. മുസ്തഫക്കായി പ്രവർത്തകർ തെരുവിലിറങ്ങിയപ്പോഴും പിന്നീടത് പ്രതിഷേധ കൺവെൻഷനിലേക്ക് നീങ്ങിയപ്പോഴും സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറങ്ങുമോയെന്ന ആശങ്കകൾ തെല്ലൊന്നുമല്ല ഇടത് ക്യാമ്പിനെ ബാധിച്ചിരുന്നത്.
പ്രശ്നങ്ങളൊടുങ്ങിയതിെൻറ മഞ്ഞുരുക്കമാകാം സമയം തെറ്റിയ ഉച്ചഭക്ഷണം കഴിച്ചെന്നുവരുത്തി സ്ഥാനാർഥി ചിഞ്ചുറാണിയും പ്രവർത്തകരും ടൗണിലെ വോട്ടർമാർക്കിടയിലേക്കിറങ്ങി. മുൻ എം.എൽ.എ. ആർ. ലതാദേവി, ബ്ലോക്ക് പഞ്ചായത്തംഗം എൻ.എസ്. സലീന, സി.പി.എം ചടയമംഗലം ഏരിയ കമ്മിറ്റി അംഗം ആർ. പ്രസന്നകുമാർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീബ്, എൻ. സുരേന്ദ്രൻ നായർ, സുലൈമാൻ തുടങ്ങിയ നിലമേലിലെ പ്രധാന എൽ.ഡി.എഫ് നേതാക്കളും ഒപ്പം ചേർന്നു.
കടകൾ കയറിയിറങ്ങി സ്ഥാനാർഥിയും പ്രവർത്തകരും വേഗത്തിൽ നീങ്ങുകയാണ്. മണ്ഡലത്തിൽ യു.ഡി.എഫിന് മേൽൈക്കയുള്ള, നിരന്തരം ഭരണം കൈയാളുന്ന നിലമേൽ പഞ്ചായത്തിൽ വോട്ടുതേടി ആദ്യമായാണ് സ്ഥാനാർഥിയിറങ്ങുന്നത്. വോട്ട് തേടുന്നതിനിടെ പഞ്ചായത്ത് മേഖലയിലെ രാഷ്ട്രീയ കാര്യങ്ങൾ ഒപ്പമുള്ള നേതാക്കൾ അവതരിപ്പിക്കുന്നുമുണ്ട്.
ജങ്ഷനിലെ കടകൾ കയറൽ പൂർത്തിയായതോടെ പ്രവർത്തകരുടെ വാഹനങ്ങളിൽ സ്ഥാനാർഥിയും നേതാക്കളും ബംഗ്ലാംകുന്നിലേക്ക്. പഞ്ചായത്തിെൻറ പഴയ ആസ്ഥാന കേന്ദ്രത്തിൽ കടകളിലും റോഡുകളിലും നിന്നവരോട് വോട്ടഭ്യർഥന. അതുകഴിഞ്ഞ് കരുന്തലക്കോടും വേയ്ക്കലും പിന്നിട്ട് കൈതോട്ടേക്ക്. വരുംവഴി വീടുകളിലും റോഡരികിലും നിന്നവർക്കെല്ലാം കൈവീശി അഭിവാദ്യങ്ങൾ. കൈതോട് ചായകുടിക്കിടയിൽ പ്രവർത്തകരിലാരുടെയോ ഫോണിൽ റിങ് ട്യൂണായി സിത്താര നിർത്താതെ പാടുന്നു. 'നമ്മളെ നയിച്ചവർ ജയിക്കണം.., തുടർച്ചയോടെ നാട് വീണ്ടുമുജ്ജ്വലിക്കണം...'
തങ്കക്കല്ലിൽ നിന്നുള്ള വിളിയാണ്. സ്ഥാനാർഥിയെ കാത്ത് പ്രവർത്തകരിരിക്കുന്നുണ്ടെന്ന പറച്ചിലോടെ ചിഞ്ചു റാണിയും നേതാക്കളും ചായകുടി നിർത്തി വാഹനത്തിലേക്ക്. 'ഉറപ്പാണ് എൽ.ഡി.എഫ്.' എന്ന കടും ചുവന്ന സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങളിൽ തങ്കക്കല്ലും വലയവഴി മുരുക്കുമണും കടന്ന് കുരുയോട്ടേക്കായി ചിഞ്ചു റാണിയുടെ യാത്ര.
മീനമാസ വെയിൽ പ്രശ്നമേയല്ലെന്ന മട്ടിൽ ചടയമംഗലത്തെ ഇലക്ഷൻ കമ്മിറ്റി ഓഫിസിനു മുന്നിൽ നിന്ന് യൂത്ത് കോൺഗ്രസ് നേതാവ് എ.ആർ. റിയാസ് ഫോണിലാർക്കോ നിർദേശം നൽകുന്നു. 'സ്ഥാനാർഥി ഇങ്ങെത്താറായി... വേഗം വായോ'. ഫോൺ വെക്കും മുമ്പേ യു.ഡി.എഫ് സ്ഥാനാർഥി എം.എം. നസീറിെൻറ കാർ പള്ളിക്കൽ റോഡിലൂടെ ടൗണിൽ വന്നുനിന്നു.
രാവിലെ നാമനിർദേശപത്രിക സമർപ്പണത്തിനു ശേഷം വർക്കല ശിവഗിരി മഠ സന്ദർശനവും കഴിഞ്ഞാണ് വരവ്. ചടയമംഗലത്തെ ഒട്ടുമിക്ക നേതാക്കളോടും ഒരു കൂട്ടം പ്രവർത്തകരോടുമൊപ്പം ടൗണിലെ കടകൾ കയറി വോട്ടഭ്യർഥനയിലേക്ക്... തോളിൽ തട്ടിയും പരിചയം പുതുക്കിയും വോട്ടുറപ്പിച്ച് മുന്നോട്ട്. ഇതിനിടയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.ഒ. സാജനെത്തി. കൂട്ടത്തിലുള്ളയാളെ സ്ഥാനാർഥിക്ക് പരിചയപ്പെടുത്തി.
'ഇത് സെയ്ഫ്, പോരേടത്താണ് വീട്. സി.പി.ഐ പ്രവർത്തകനായിരുന്നു. ഇന്ന് മുതൽ നമുക്കൊപ്പമാണ്' ബ്ലോക്ക് സെക്രട്ടറിയുടെ വാക്കുകൾ കരഘോഷത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ഇതിനിടെ സ്ഥാനാർഥി വോട്ട് ചോദിച്ച് വേഗത്തിൽ നടന്നുനീങ്ങി. 'കഴിഞ്ഞ ദിവസം പ്ലാൻ ചെയ്ത പരിപാടി തന്നെ പൂർത്തീകരിക്കാനായില്ല. ചിതറയിലും കുമ്മിളിലും നടന്ന കൺവെൻഷനുകളിൽ ഓടിയെത്താനായില്ല. ഇന്ന് പ്ലാൻ ചെയ്ത പരിപാടികളിലും ഓടിയെത്താനാകുമോയെന്നറിയില്ല .
വോട്ടർമാരെല്ലാം ആവേശത്തോടെയാണ് സ്വീകരിക്കുന്നത്'. വോട്ടഭ്യർഥനക്കിടയിലും എം.എം. നസീർ പറഞ്ഞുവെച്ചു. എൻ.എസ്.എസ് ചടയമംഗലം താലൂക്ക് യൂനിയൻ ഓഫിസിലേക്ക് സ്ഥാനാർഥി കയറിവരുന്നത് കണ്ട് ജീവനക്കാരെല്ലാം സീറ്റിൽ നിന്നെഴുന്നേറ്റു. 'സഹായിക്കണം' എന്ന സ്ഥാനാർഥിയുടെ ഒറ്റ വാചകത്തിന് തീർച്ചയായും എന്ന മറുപടി. പതിവിലും കൂടുതൽ പ്രവർത്തകരാണ് സ്ഥാനാർഥിക്കൊപ്പമുള്ളത്.
രാവിലെ നാമനിർദേശപത്രിക സമർപ്പണവേളയിലും അത് പ്രകടമായിരുന്നു. ഇക്കുറി ചടയമംഗലം യു.ഡി.എഫ് പിടിച്ചെടുക്കുമെന്ന വിശ്വാസം പ്രവർത്തകരുടെ മുഖങ്ങളിൽ നിന്നെല്ലാം വായിച്ചെടുക്കാം. എൻ.എസ്.എസ് ഓഫിസിൽനിന്ന് തൊട്ടുമുകളിലെ ബാങ്കിലേക്ക്. അവിടത്തെ മുഴുവൻ ജീവനക്കാരോടും വോട്ട് ചോദിച്ച ശേഷം പുറത്തിറങ്ങി പഞ്ചായത്ത് ഓഫിസ് റോഡിലേക്ക്.
സ്ഥാനാർഥിയുടെ വോട്ടഭ്യർഥനയെല്ലാം ഒപ്പമുള്ള ഫോട്ടോഗ്രാഫർ മഹേഷ് കൈതോട് ഒപ്പിയെടുക്കുന്നുണ്ട്. പതിവിന് വിപരീതമായി പോസ്റ്ററുകളിലും ബോർഡുകളിലും സോഷ്യൽ മീഡിയ പ്രചാരണങ്ങളിലുമെല്ലാം യു.ഡി.എഫ് മുന്നേറ്റമുണ്ട്.
ഇതിനിടെ പൊലീസ് സ്റ്റേഷനും മേലെമുക്കും കടന്ന് റോഡിെൻറ വലതു ഭാഗത്തെ കടകളിലേക്കായി വോട്ടഭ്യർഥന. നടത്തത്തിന് വേഗംകൂടി വൈകിയാണെങ്കിലും ഇട്ടിവയിലെ കൺവെൻഷനെത്തണം പിന്നെക്കുറെ കല്യാണ വീടുകളിൽ കയറണം ഉത്സവത്തിനെത്തണം വിവിധ പ്ലാനുകളോടെ സ്ഥാനാർഥി വേഗത്തിൽ നടന്നുകയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.