ബഹിഷ്കരണം: മുല്ലപ്പള്ളി ഒറ്റപ്പെടുന്നു; 'കാരണം സോണിയ ഗാന്ധിയെ അറിയിക്കും'
text_fieldsകോഴിക്കോട്: സ്വന്തം ജില്ലയിൽ നടന്ന ചിന്തൻ ശിബിരത്തിൽനിന്ന് വിട്ടുനിന്ന മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോൺഗ്രസിൽ അമർഷവും പ്രതിഷേധവും. അതേസമയം, പങ്കെടുക്കാത്തതിന്‍റെ കാരണം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിക്കുമെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തുതന്നെ ഏറ്റവും പ്രമുഖരായ നേതാക്കളിലൊരാളായ മുല്ലപ്പള്ളിയുടെ ബഹിഷ്കരണം ഹൈകമാൻഡും ഗൗരവത്തോടെയാണ് കാണുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഹൈകമാൻഡിന് ചിന്തൻ ശിബിരത്തെക്കുറിച്ച് റിപ്പോർട്ട് നൽകുമ്പോൾ മുല്ലപ്പള്ളിയുടെ ബഹിഷ്കരണവും സൂചിപ്പിക്കും. മുൻ കെ.പി.സി.സി പ്രസിഡന്റും എ.ഐ.സി.സി അംഗവുമായ മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് അധികാരമില്ല.
സംസ്ഥാന നേതൃത്വം നടത്തുന്നതാണെങ്കിലും എ.ഐ.സി.സിയുടെ നിർദേശപ്രകാരമാണ് ചിന്തൻ ശിബിരം നടത്തിയത്. മുല്ലപ്പള്ളിയടക്കം പങ്കെടുത്ത ഉദയ്പൂർ ചിന്തൻ ശിബിരത്തിന്റെ തീരുമാനമായിരുന്നു സംസ്ഥാനങ്ങളിലും ശിബിരം നടത്തണമെന്നത്. നിസ്സാരമായ 'ഈഗോ'യുടെ പേരിൽ മുല്ലപ്പളളി ധിക്കരിച്ചിരിക്കുന്നത് അഖിലേന്ത്യ കമ്മിറ്റിയുടെ തീരുമാനമാണെന്ന് ചുരുക്കം.
കെ. സുധാകരനെയും വി.ഡി. സതീശനെയും ഇഷ്ടമില്ലാത്തതാണ് വിട്ടുനിൽക്കാൻ കാരണം. അർഹിക്കുന്ന രീതിയിൽ ക്ഷണിച്ചില്ലെന്ന പ്രശ്നവും ഉന്നയിക്കുന്നുണ്ട്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാറുൾപ്പെടെ ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നു.
'ഞാൻ തൊട്ടുമുമ്പ് കെ.പി.സി.സിയുടെ പ്രസിഡന്റായിരുന്നയാളാണ്. ഇത് എന്റെ ജില്ലയാണ്. ഇവിടെ എം.പിയായിരുന്നയാളുമാണ്. പാർട്ടിയുടെ സുപ്രധാന സമ്മേളനം എന്റെ നാട്ടിൽ നടക്കുമ്പോൾ വെറും കാഴ്ചക്കാരനായി നിൽക്കേണ്ടയാളല്ല ഞാൻ. എന്നിട്ടും അതിൽ പങ്കെടുക്കാൻ കഴിയാതെ പോയത് അത്യന്തം ഹൃദയ വേദനയുണ്ടാക്കുന്നതാണ്'- മുല്ലപ്പള്ളി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മാത്രമാണ് പരിപാടിയിൽ തന്നെ ക്ഷണിച്ചത്. എന്തുകൊണ്ട് പരിപാടിയിൽ പങ്കെടുത്തില്ല എന്ന് ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി അധ്യക്ഷയെ അറിയിക്കാനുള്ള ബാധ്യത തനിക്കുണ്ടെന്നും മുല്ലപ്പള്ളി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അന്തരിച്ച എൻ.ജി.ഒ യൂനിയൻ മുൻ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സി. രവീന്ദ്രനെ അനുസ്മരിക്കാൻ 'ആക്ടീവ്' സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുല്ലപ്പള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.