‘വാഴക്കുല’യുടെ രചയിതാവിനെ അറിയില്ല; ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവെന്ന്
text_fieldsയുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ പിഴവെന്ന് റിപ്പോർട്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ ‘വാഴക്കുല’യുടെ രചയിതാവിന്‍റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയതെന്നാണ് ആരോപണം. ഇതുസംബന്ധിച്ച രേഖകൾ പുറത്തുവന്നിട്ടുണ്ട്. വാഴക്കുല കവിതയുടെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരാണ് ചിന്തയുടെ പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’യായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരള സര്‍വകലാശാല പ്രൊ വിസിയായിരുന്ന ഡോ.അജയകുമാറായിരുന്നു ഗൈഡ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി 2021ൽ ഡോക്ടറേറ്റും കിട്ടി.
സംവിധായകരായ പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ സിനിമകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നവയാണ് എന്ന് പറയുന്നതിനിടെയാണ് ‘വാഴക്കുല’ എന്ന കവിതയെ കുറിച്ച് പരാമര്‍ശമുള്ളത്. ഇവിടെ ഗ്രന്ഥകര്‍ത്താവിന്‍റെ സ്ഥാനത്ത് ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിള്ളി എന്നാണ് ചിന്ത എഴുതിയിരിക്കുന്നത്.
കേരള നവോത്ഥാനത്തിന്‍റെ പ്രധാന സൂചകങ്ങളിലൊന്നായ വാഴക്കുല കവിതയുടെ രംഗാവിഷ്കാരം 1988ല്‍ ടി.ദാമോദരന്‍ രചിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് പ്രബന്ധവും വാഴക്കുലയുമായുള്ള ബന്ധം.
തികച്ചും പുരോഗമനപരമായ കവിതയെ സവര്‍ണതയെ പിന്തുണയ്ക്കുന്ന പ്രതിലോമകരമായ ആശയത്തിന് അനുകൂലമാക്കി പരാമര്‍ശിക്കുന്നതിന് ഉദാഹരമാക്കുകയാണ് ഗവേഷണ പ്രബന്ധത്തിലെ സൂചന. ഒരു കാലത്ത് കേരളത്തിലെ അടിസ്ഥാന വര്‍ഗത്തിന്‍റെ ആവേശവും പ്രത്യാശയുമായ ഒരു കവിതയുടെ രചിതാവിനെയാണ് ഒരു ഗവേഷണ പ്രബന്ധത്തിൽ അലസമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഗൈഡ് അടക്കം നിരവധി കമ്മിറ്റികളുടെ പരിശോധനകള്‍ക്ക് ശേഷമാണ് സര്‍വകലാശാല പ്രബന്ധത്തിന് അംഗീകാരം ലഭിക്കാറുള്ളത്. എന്നാല്‍ പലരും പരിശോധിച്ചിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല. ഈ അബദ്ധം കയറിക്കൂടിയത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് ചിന്താ ജെറോം വാർത്തയോട് പ്രതികരിച്ചത്. ഇതേക്കുറിച്ച് ഓര്‍മ്മയില്ലെന്ന് ഗൈഡും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.