ഇടപാടുകാരെ കബളിപ്പിച്ച് കോടികളുമായി കുറിക്കമ്പനി ഉടമകൾ മുങ്ങി; വിവിധ ജില്ലകളിലായി 14 ബ്രാഞ്ചുള്ള സ്ഥാപനമാണ്
text_fieldsവാടാനപ്പള്ളി: കുറിവിളിച്ചവർക്കും വട്ടമെത്തിയവർക്കും മാസങ്ങൾ പിന്നിട്ടിട്ടും പണം നൽകാതെ ധനകാര്യ സ്ഥാപന നടത്തിപ്പുകാർ മുങ്ങിയെന്ന് പരാതി. മലപ്പുറം വേങ്ങര കൂരിയാട് ഹെഡ് ഓഫിസുള്ള വാടാനപ്പള്ളിയിലെ കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയാണ് പരാതി. കബളിപ്പിക്കപ്പെട്ടവർ വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷനിലും തൃശൂർ ചെമ്പൂക്കാവിലെ രജിസ്ട്രാർ ഓഫിസിലും ഉൾപ്പെടെ പരാതി നൽകി. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 14ഓളം ബ്രാഞ്ചുകളുള്ള കുറി ഇടപാട് സ്ഥാപനമാണിത്.
വാടാനപ്പള്ളി ചിലങ്ക സെന്‍റർ, ഒറ്റപ്പാലം, മണ്ണാർക്കാട്, മുക്കം, തിരൂർ, പട്ടാമ്പി, വളാഞ്ചേരി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള സ്ഥാപനം നിരവധി കുറികളാണ് നടത്തുന്നത്. കുറി വിളിച്ചവർക്ക് എട്ടു മാസം കഴിഞ്ഞിട്ടും പണം കൊടുത്തിട്ടില്ല. ഒരു കുറിയിൽതന്നെ രണ്ടും മൂന്നും അഞ്ചും വരെ നറുക്ക് ചേർന്നവരുണ്ട്. പലർക്കും ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ കിട്ടാനുണ്ട്. മാസക്കുറിക്കുള്ള തുക ദിവസപ്പിരിവിലൂടെ നൽകാൻ സൗകര്യമുള്ളതിനാൽ വ്യാപാരികളും കച്ചവടക്കാരുമാണ് ചേർന്നവരിൽ അധികവും. ധാരാളം സ്ത്രീകളുമുണ്ട്.
കുറി വിളിച്ചവർക്ക് 35 പ്രവൃത്തിദിവസം കഴിഞ്ഞാൽ പണം നൽകുമെന്നാണ് പറഞ്ഞിരുന്നത്. ചെക്ക് അടുത്ത ആഴ്ച വരുമെന്ന് പറഞ്ഞ് മാസങ്ങളോളമായി വഞ്ചിച്ചുവെന്ന് ഇടപാടുകാർ പറയുന്നു. ബഹളം വെക്കുന്നവർക്ക് ചെക്ക് നൽകുമെങ്കിലും ബാങ്കിൽ പണമില്ലാതെ അത് മടങ്ങും. ഇതോടെ ചെക്ക് നൽകുന്നത് നിർത്തി. രണ്ടാഴ്ച മുമ്പ് പണം കിട്ടാത്ത ഗുരുവായൂർ സ്വദേശി ഓഫിസിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
ചെക്ക് മടങ്ങിയതോടെ ഇടപാടുകാർക്ക് നോട്ടീസാണ് നൽകിയത്. ഓരോ വ്യക്തിക്കും തീയതി വെച്ച് ആ ദിവസം രാത്രി എട്ടിനകം തുകയും എട്ടു ശതമാനം പലിശയും നൽകുമെന്ന് കാണിച്ച് കമ്പനിയുടെ പേരിൽ മാനേജർ ഒപ്പുവെച്ച നോട്ടീസാണ് നൽകിയത്. അടുത്ത മാസത്തെ തീയതിയാണ് ഇതുവരെ ലഭിച്ച നോട്ടീസുകളിലുള്ളത്. പണം നഷ്ടപ്പെടില്ലെന്ന സമാധാനത്തിലിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം സ്ഥാപനം അടച്ച് ഉടമ സ്ഥലംവിട്ടത്. മൊബൈൽ ഫോൺ ഓഫാണ്. കലക്ഷൻ ഏജന്‍റുമാരെ വിളിച്ചപ്പോഴാണ് സ്ഥാപനം അടച്ച വിവരം അറിഞ്ഞത്. ശമ്പളം കിട്ടാത്തതിനാൽ ജീവനക്കാരും പരാതി നൽകി. പല കുറികളും 70 ശതമാനത്തിന് ഉടമകൾ തന്നെയാണ് വിളിച്ചത്. കുറി വിളി കഴിഞ്ഞ് വിളിച്ചവരുടെ പേര് ചോദിച്ചാൽ ജീവനക്കാർ പേര് വെളിപ്പെടുത്താറില്ലെന്ന് ഇടപാടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.