ചിത്രലേഖ മരിച്ചിട്ടും പകക്ക് അറുതിയില്ല; ഭർത്താവിന് അജ്ഞാതരുടെ ക്രൂര മർദനം
text_fieldsകണ്ണൂർ: സി.പി.എമ്മിനെതിരെ നിരന്തര പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ പയ്യന്നൂരിലെ ദലിത് ഓട്ടോഡ്രൈവർ ചിത്രലേഖ മരിച്ചിട്ടും പകക്ക് അറുതിയൊന്നുമില്ല. ഇവരുടെ ഭർത്താവ് എം. ശ്രീഷ്കാന്തിനു നേരെ കഴിഞ്ഞദിവസം രാത്രി അജ്ഞാതരുടെ ക്രൂര മർദനം. ഇടതു കാലിന്റെ എല്ലൊടിഞ്ഞ ശ്രീഷ്കാന്ത് കണ്ണൂരിലെ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
കമ്പിപ്പാര കൊണ്ട് കുത്തും അടിയുമേറ്റതിനെ തുടർന്ന് ആഴത്തിൽ മുറിവുള്ള ഭാഗത്ത് അടിന്തര ശസ്ത്രക്രിയക്ക് നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ചൊവ്വാഴ്ച വൈകീട്ട് കാട്ടാമ്പള്ളി കുതിരത്തടം റോഡിലെ വീട്ടിലായിരുന്നു സംഭവം. സി.പിഎം പ്രവർത്തകനായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ശ്രീഷ്കാന്ത് ആരോപിച്ചു. വാതിലിൽ മുട്ടിയ ആക്രമിസംഘം കമ്പിപ്പാരകൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ജനുവരി ഒന്നിനാണ് ചിത്രലേഖയുടെ ഓട്ടോക്കുണ്ടായിരുന്ന ടൗൺ പെർമിറ്റ് മകൾ മേഘയുടെ പേരിലുള്ള ഓട്ടോക്ക് മാറ്റിക്കിട്ടിയത്. അതിനു ശേഷം ചിത്രലേഖയുടെ ഫോട്ടോ പതിച്ച് ഓട്ടോ കണ്ണൂർ ടൗണിൽ സർവിസ് തുടങ്ങി. ചിത്രലേഖ പോരാട്ടമാരംഭിച്ച പയ്യന്നൂരിലും എടാട്ടുമൊക്കെ ഈ ഓട്ടോയിൽ പോയി. ചിത്രലേഖയുടെ ജീവചരിത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് യാത്ര. ഇവിടെനിന്ന് കാട്ടാമ്പള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.