പോരാടാൻ വയ്യ, അർബുദ ശയ്യയിൽ ചിത്രലേഖ
text_fieldsകണ്ണൂർ: ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സി.പി.എമ്മുമായി വർഷങ്ങളായി പോരാട്ടം തുടർന്ന ദലിത് ഓട്ടോഡ്രൈവർ ചിത്രലേഖ രോഗശയ്യയിൽ. വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടാമത്തെ ഓട്ടോറിക്ഷയും കത്തിച്ചതിനെ തുടർന്ന് ഉപജീവനമാർഗം നിലച്ചതിനിടെ സന്നദ്ധ സംഘടനകൾ വഴി ലഭിച്ച പുതിയ ഓട്ടോറിക്ഷയുമായി നിരത്തിലിറങ്ങാനിരിക്കെയാണ് രോഗം അലട്ടിയത്. വയറുവേദനയിൽ തുടങ്ങിയ അസ്വാസ്ഥ്യം അർബുദമാണെന്ന് തിരുവനന്തപുരം ആർ.സി.സിയിലേത് ഉൾപ്പടെയുള്ള ഡോക്ടർമാർ സ്ഥിരീകരിച്ചു. പാൻക്രിയാസ് കാൻസറിന് കീമോതെറപി ചെയ്യാൻ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ അഡ്മിറ്റ് ചെയ്യാനിരിക്കെ മഞ്ഞപ്പിത്തം ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് 48കാരിയായ ഇവർ.
പയ്യന്നൂർ സ്വദേശിനിയായ ചിത്രലേഖ, സി.പി.എമ്മുകാരുമായി ഏറ്റുമുട്ടിയാണ് വാർത്തകളിൽ ഇടംപിടിച്ചത്. ഏതാനും വർഷങ്ങളായി കണ്ണൂർ കാട്ടാമ്പള്ളിയിലാണ് താമസം. ഇവിടെയുള്ള പുതിയ വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് കഴിഞ്ഞവർഷം ആഗസ്റ്റ് 25ന് പുലർച്ചെയാണ് തീയിട്ടത്. സി.പി.എമ്മുകാരാണ് തീയിട്ടതെന്നാണ് അവർ ആരോപിച്ചത്. വളപട്ടണം പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. ഭർത്താവും രണ്ടു മക്കളും രണ്ടു പേരമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഉപജീവനമാർഗവും ഓട്ടോറിക്ഷ തന്നെയായിരുന്നു. കേസും കൂട്ടും പ്രതിഷേധവുമായി മാസങ്ങളോളം കഴിഞ്ഞുവരുന്നതിനിടെ സന്നദ്ധ സംഘടനയുടെ സഹായം വഴി ഓട്ടോറിക്ഷ ലഭിച്ചു. വീണ്ടും നിരത്തിലിറങ്ങി ആഴ്ചകൾക്കകമാണ് രോഗം ബാധിച്ച് തുടങ്ങിയത്. ഇതോടെ 8150 രൂപയുടെ പ്രതിമാസ തിരിച്ചടവും മുടങ്ങി.
2002ൽ തീയ സമുദായത്തിൽപെട്ട ശ്രീഷ്കാന്തിനെ പ്രണയിച്ചു വിവാഹം ചെയ്തതോടെയാണ് ജാതിവിവേചനത്തിനും പീഡനത്തിനും ചിത്രലേഖ ഇരയായത്. നഴ്സായിരുന്ന ഇവർ ആ ജോലി വിട്ട് ഭർത്താവിനൊപ്പം ഓട്ടോറിക്ഷ ഡ്രൈവറാവാൻ തീരുമാനിച്ചു. വിവാഹശേഷം ലോണെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയുമായി പയ്യന്നൂർ എടാട്ടിൽ ഓട്ടോ സ്റ്റാൻഡിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവിടെവെച്ച് ജാതീയമായി അധിക്ഷേപം നേരിട്ടു. പിന്നീട് ഓട്ടോറിക്ഷക്കുനേരെ ആക്രമണമായി. 2005 ഡിസംബർ 30ന് ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്തു. അന്നു മുതൽ സി.പി.എമ്മിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് പോരടിക്കുകയായിരുന്നു ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.