സുമേഷ് അച്യുതെൻറ സ്ഥാനാർഥിത്വത്തെ ചൊല്ലി പൊൽപ്പുള്ളി മണ്ഡലം കമ്മിറ്റി യോഗത്തിൽ അടിപിടി
text_fieldsചിറ്റൂർ: നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ അടി. പൊൽപ്പുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ യോഗത്തിനിടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ചിറ്റൂർ മുൻ എം.എൽ.എ കെ. അച്യുതെൻറ മകനും ഡി.സി.സി വൈസ് പ്രസിഡൻറുമായ സുമേഷ് അച്യുതെൻറ പേര് സാധ്യതപട്ടികയിൽ ഉയർന്നു വന്നിരുന്നു. ഇത് അംഗീകരിക്കാൻ തയാറാവാത്ത ഒരു വിഭാഗമാണ് യോഗത്തിൽ പ്രശ്നമുണ്ടാക്കിയത്.
സുമേഷ് അച്യുതന് സ്ഥാനാർഥിത്വം നൽകരുതെന്ന് മണ്ഡലം കമ്മിറ്റിയുടെ പേരിൽ ഡി.സി.സി നേതൃത്വത്തിന് കത്ത് നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതംഗീകരിക്കാൻ ഭൂരിപക്ഷം പേരും തയാറാവാതായതോടെയാണ് വാക്കേറ്റവും കൈയാങ്കളിയും നടന്നത്. അത്തിക്കോട്ടെ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് സംഭവം. ഉന്നത നേതൃത്വം ഇടപെട്ട് കേസാക്കാതെ ഒതുക്കിത്തീർക്കുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചിറ്റൂരിലെ കോൺഗ്രസിൽ ഗ്രൂപ്പ് തർക്കങ്ങൾ രൂക്ഷമായിരുന്നു. കെ. അച്യുതെൻറ നേതൃത്വത്തെ അംഗീകരിക്കാൻ കൂട്ടാക്കാത്ത ഒരു വിഭാഗം ഡി.സി.സി നേതൃത്വത്തിെൻറ പിന്തുണയോടെയാണ് വിമത ശബ്ദമുയർത്തുന്നത്. ഡി.സി.സി വൈസ് പ്രസിഡൻറായ സുമേഷ് അച്യുതനും മുൻ നഗരസഭ ചെയർമാൻ കൂടിയായ കെ. അച്യുതെൻറ സഹോദരൻ കെ. മധുവിനും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചിരുന്നു.
ഇതിനെത്തുടർന്ന് വിമതരായി മത്സരിക്കാൻ ഇരുവരും നോമിനേഷൻ നൽകുകയും ചെയ്തു. എന്നാൽ സംസ്ഥാന നേതൃത്വത്തിെൻറ ഇടപെടലിനെ തുടർന്ന് നഗരസഭയിൽ മത്സരിക്കാനിറങ്ങിയ കെ. മധുവിന് സീറ്റ് നൽകുകയും എ. സുമേഷ് പത്രിക പിൻവലിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.