ചൊക്രമുടി കൈയേറ്റം; അന്വേഷണം ഊർജിതം,അനധികൃത നിർമാണം തകൃതി
text_fieldsതൊടുപുഴ: ചൊക്രമുടി മലനിരകളിൽ കൈയേറ്റം നടന്ന ഭൂമിയുടെയും പരിസരപ്രദേശത്തെയും പട്ടയങ്ങളും തണ്ടപ്പേരുകളും വ്യാജമാണോയെന്ന പരിശോധന നടക്കുന്നതിനിടെയും നിർമാണങ്ങൾ തകൃതിയായി നടക്കുന്നു.
എന്തെങ്കിലും നടപടി വരുംമുമ്പ് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന നിലയിൽ കെട്ടിടങ്ങൾക്ക് എന്തെങ്കിലും ഇളവുകൾ ലഭിക്കുമെന്ന ധാരണയും നിർമാണം അതിവേഗത്തിലാക്കാൻ കാരണമാണ്. ചൊക്രമുടിയിലെ പട്ടയവും തണ്ടപ്പേരുകളും റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണങ്ങളോ രേഖകളോ ഉണ്ടെങ്കിൽ ഹാജരാക്കുന്നതിനുവേണ്ടി നവംബർ ആറിന് സ്ഥലം വാങ്ങിയവരുടെ തെളിവെടുപ്പ് വീണ്ടും വെച്ചിട്ടുണ്ട്. തിങ്കളാഴ്ച ദേവികുളം സബ്കളക്ടർ ഓഫീസിൽ നടത്തിയ തെളിവെടുപ്പിൽ കുറച്ചുപേരും സ്ഥലം ഉടമകളുടെ നാല് അഭിഭാഷകരുമാണ് ഹാജരായത്.
പങ്കെടുത്തവർ ഹാജരാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളിലും പട്ടയ ഫയലുകൾ പരിശോധിച്ചതിലും ഒട്ടേറെ അപാകത കണ്ടെത്തിയിട്ടുണ്ട്. ആദ്യം ഒക്ടോബർ 14ന് നടത്തിയ തെളിവെടുപ്പിൽ നോട്ടീസ് ലഭിച്ച, സ്ഥലം ഉടമകളിൽ 49 പേരിൽ 44 പേരും ഹാജരായിരുന്നു.
എന്നാൽ, പിന്നീടുള്ള തെളിവെടുപ്പുകളിൽ ഉടമകളുടെ എണ്ണം കുറഞ്ഞു. ഇതുതന്നെ സ്ഥലം വാങ്ങിയതിലും പ്രമാണങ്ങളിലും ക്രമക്കേടുകൾ ഉണ്ടെന്നുള്ളതിന് തെളിവാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. പരിശോധനയിൽ കണ്ടെത്തിയ അപാകത രേഖാമൂലം പട്ടയം ഉടമകളെ അറിയിക്കണമെന്നും കൂടുതൽ രേഖകൾ ഹാജരാക്കുന്നതിന് സമയം അനുവദിക്കണമെന്നും ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു. 1971ന് മുമ്പ് കൈവശഭൂമിയിൽ കൃഷിചെയ്ത് വീടുവെച്ച് താമസിക്കുന്നവർക്കാണ് 1964ലെ ഭൂപതിവ്ചട്ട പ്രകാരം പട്ടയം നൽകുന്നത്.
എന്നാൽ, റെഡ്സോണിൽ ഉൾപ്പെട്ട ചൊക്രമുടിയിൽ പട്ടയം അനുവദിച്ചത് ഈ മാനദണ്ഡം ലംഘിച്ചാണ്. ഇക്കാരണത്താൽ ചൊക്രമുടിയിലെ പട്ടയങ്ങളും തണ്ടപ്പേരും റദ്ദുചെയ്യാനാണ് റവന്യൂ വകുപ്പിന്റെ നീക്കം. അടിമാലി സ്വദേശിയായ സിബി ജോസഫ് ഏതാനും മാസം മുമ്പ് മലകീറി റോഡ് വെട്ടുകയും ചൊക്രമുടിയിലെ നൂറുകണക്കിന് മരങ്ങൾ വെട്ടിക്കടത്തുകയും ചെയ്തതോടെയാണ് കൈയേറ്റം വിവാദമായത്. ചൊക്രമുടിയിൽ നടന്നിരിക്കുന്നത് കൈയേറ്റമാണെന്നും നിർമാണം വലിയ പരിസ്ഥിതി ദുരന്തത്തിന് കാരണമാകുമെന്നും അന്വേഷണസംഘം റിപ്പോർട്ട് നൽകി. തുടർന്നാണ് ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.