കുറ്റിപ്പുറത്ത് ഏഴിടങ്ങളിൽ കോളറ ബാക്ടീരിയ സ്ഥിരീകരിച്ചു
text_fieldsകുറ്റിപ്പുറം: കുറ്റിപ്പുറത്ത് വീണ്ടും കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തിൽ വിവിധയിടങ്ങളിലെ കിണറുകളിൽ നിന്ന് ശേഖരിച്ച വെള്ളത്തിലാണ് കോളറക്ക് കാരണമായ വിബ്രിയോ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എം നടത്തിയ പരിശോധനയിലാണ് ഏഴിടങ്ങളിൽ ബാക്ടീരിയയെ കണ്ടെത്തിയത്.
കുറ്റിപ്പുറം തെക്കെ അങ്ങാടിയിലെ സൗത്ത് സ്കൂളിന് സമീപത്തെ പൊതുകിണർ, രജിസ്േട്രഷൻ ഓഫിസിന് സമീപത്തെ കിണർ, ഗവ. ഹയർസെക്കൻഡറി സ്കൂൾ കിണർ, ചെമ്പിക്കലിലെ ഒരു ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണർ, ടെക്നിക്കൽ ഹൈസ്കൂളിന് സമീപത്തെ ഹോട്ടലിലെ കിണർ എന്നിവിടങ്ങളിലാണിത്. ഇവിടങ്ങളിൽ ആരോഗ്യവകുപ്പ് സൂപ്പർ ക്ലോറിനേഷൻ നടത്തി. ചിലയിടങ്ങളിലെ വെള്ളം രണ്ടാമതും പരിശോധനക്കയച്ചെങ്കിലും ഫലമെത്തിയിട്ടില്ല. കുറ്റിപ്പുറത്ത് കഴിഞ്ഞവർഷം കോളറ ബാധിച്ച് നിരവധി പേർ ചികിത്സ തേടുകയും അതിസാരം ബാധിച്ച് അഞ്ച് പേർ മരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഖരമാലിന്യം വിവിധയിടങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
കഴിഞ്ഞവർഷത്തെ കോളറബാധയുടെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് ഇരുപതോളം സ്ഥലങ്ങളിൽ നിന്ന് വെള്ളം ശേഖരിച്ച് മേയിൽ പരിശോധനക്കയച്ചത്. ബാക്ടീരിയ കണ്ടെത്തിയ ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തിയതായും ആശങ്കപ്പെടേണ്ടതില്ലെന്നും മെഡിക്കൽ ഓഫിസർ ഡോ. വിജിത്ത് വിജയശങ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.