വിലപ്പെട്ട സ്വപ്നഭൂമി, ഇനി വിലക്കപ്പെട്ടയിടം
text_fieldsചൂരൽമല: ‘അഞ്ചു സെന്റ് ഭൂമിയിലൊരു വീടായിരുന്നു എന്റേത്. 20 ലക്ഷം രൂപ വില പറഞ്ഞിട്ടും ഞാൻ കൊടുത്തിരുന്നില്ല. തൊട്ടടുത്ത് ടൗണും സ്കൂളും അമ്പലവുമൊക്കെ. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങി എല്ലാ സൗകര്യങ്ങളും. താമസിക്കാൻ ഇതിലും നല്ല സ്ഥലം വേറെ കിട്ടാനില്ലെന്ന ചിന്തയിലായിരുന്നു അത്’ -വിനോദ് കുമാർ പറയുന്നു. വിനോദ് മാത്രമല്ല, ചൂരൽമല മഹല്ല് പ്രസിഡന്റ് വേളക്കാടൻ മുഹമ്മദ് കുട്ടിയും ഇലപ്പുള്ളി അൻവർ സാദത്തും ആദി ശിവനുമൊക്കെ അതുതന്നെ പറയുന്നു.
മഹാദുരന്തത്തിൽ ഏറക്കുറെ പൂർണമായും ഒലിച്ചുപോയ ചൂരൽമല അങ്ങാടിയോട് ചേർന്ന ഹൈസ്കൂൾ റോഡ് സ്ഥലത്ത് ആളുകൾ തിങ്ങിത്താമസിക്കുകയായിരുന്നു. മേഖലയിലെ ഏറ്റവും സൗകര്യപ്രദമായ സ്ഥലമായാണ് അതെണ്ണിയിരുന്നത്. അതുകൊണ്ടുതന്നെ ചൂരൽമല, മുണ്ടക്കൈ, അട്ടമല തുടങ്ങിയ ഇടങ്ങളിൽവെച്ച് ഭൂമിക്ക് ഏറ്റവുമധികം വിലയുണ്ടായിരുന്ന പ്രദേശം. മറ്റിടങ്ങളിൽ ഏകദേശം ഒരുലക്ഷം രൂപ വരെയാണ് ഭൂമിക്ക് വിലയെങ്കിൽ ഹൈസ്കൂൾ റോഡ് കടന്നുപോകുന്ന നിരപ്പായ സ്ഥലത്ത് ഒന്നരലക്ഷത്തിലധികമായിരുന്നു വില. ടൗണും സ്കൂളും അമ്പലവും പള്ളിയുമൊക്കെ വളരെ അടുത്തായിരുന്നത് ഭൂമിവിലയെ സ്വാധീനിച്ചു. കുന്നും മലയുമല്ലാത്ത നിരന്ന പ്രദേശമെന്നതും ആളുകളെ ആകർഷിച്ചു. സമീപഗ്രാമങ്ങളിൽനിന്നും പലരും ആ പുഴയോരത്ത് താമസിക്കാനെത്തി. കൂലിപ്പണിയെടുത്തും അത്യധ്വാനം ചെയ്തും കടം വാങ്ങിയുമെല്ലാം ആളുകൾ അവിടെ സ്ഥലം വാങ്ങിയിരുന്നത് ജീവിക്കാൻ ഉചിതമായ സ്വപ്നഭൂമിയായി കണക്കാക്കിയതുകൊണ്ടായിരുന്നു. ആ സ്വപ്നഭൂമിയാണ് നിരവധിപേരെ മരണക്കയത്തിലേക്ക് എടുത്തെറിഞ്ഞത്. ഉരുളെടുത്തതോടെ ഇനിയൊരിക്കലും വാസയോഗ്യമല്ലാതായത്.
ചുരുങ്ങിയ കാലംകൊണ്ടാണ് ഇവിടെ നിരനിരയായി വീടുകൾ ഉയർന്നുവന്നത്. ആയുഷ്കാലം മുഴുവൻ തേയില എസ്റ്റേറ്റുകളിൽ തുച്ഛവരുമാനത്തിന് ജോലി ചെയ്തശേഷം പിരിഞ്ഞുപോരുമ്പോൾ ലഭിച്ച തുക ഉപയോഗിച്ച് സ്ഥലം വാങ്ങി അതിൽ വീടുവെച്ച് താമസിക്കുന്നവർ ഏറെയായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടാണ് മിക്കവരും ഇവിടെ ഭൂമിവാങ്ങി വീടുവെച്ചത്. മൂന്നുസെന്റിൽവരെ വീട് പണിതവർ കുറേയുണ്ടായിരുന്നു കൂട്ടത്തിൽ. ഏകദേശം നൂറിലേറെ വീടുകൾ ഈ കുറഞ്ഞ ഭാഗത്ത് ഉണ്ടായിരുന്നതായി ചൂരൽമല മഹല്ല് ഭാരവാഹി പാറത്തൊടിക ജാഫർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇവയിൽ വിരലിലെണ്ണാവുന്നവ ഒഴികെ ബാക്കിയെല്ലാം അടിത്തറപോലും ബാക്കിയാവാതെ നിശ്ശേഷം തുടച്ചുനീക്കപ്പെട്ടു. എല്ലാ സൗകര്യങ്ങളുമുള്ള, ജാതി, മത, രാഷ്ട്രീയ ഭിന്നതകളൊന്നുമില്ലാതെ ആളുകൾ തമ്മിൽ അതിരറ്റ സ്നേഹം പുലർത്തിയ ഇതുപോലൊരു മണ്ണിൽനിന്ന് വേറെവിടേക്ക് പറിച്ചുനട്ടാലും ജീവിതം ഒരിക്കലും പഴയതുപോലെയാകില്ലെന്ന് ദുരന്തത്തിൽനിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട അൻവർ സാദത്ത് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.