ചൂരൽമല പുനരധിവാസം: ടൗൺഷിപ്പിന് സ്ഥലമേറ്റെടുക്കൽ ഉടനെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗണ്‍ഷിപ് നിർമിക്കുന്നതിന് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റും അനുയോജ്യമാണെന്ന് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
ഈ സ്ഥലങ്ങള്‍ കാലതാമസംകൂടാതെ ഏറ്റെടുക്കാൻ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. ഭാവിയില്‍ രണ്ടാംനില കൂടി പണിയാനാകുന്ന രീതിയില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റനില വീടുകളാണ് നിർമിക്കാനുദ്ദേശിക്കുന്നത്. പുനരധിവാസ പാക്കേജില്‍ ജീവനോപാധികളും ഉറപ്പാക്കും. വനിതകള്‍ക്ക് അനുയോജ്യ തൊഴില്‍ കണ്ടെത്താൻ പരിശീലനം നല്‍കും. കര്‍ഷകര്‍ക്ക് കൃഷിചെയ്യാനുള്ള സൗകര്യവും പാക്കേജിന്‍റെ ഭാഗമായി പരിഗണിക്കും.
ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാംഘട്ടമായും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാംഘട്ടമായും പുനരധിവസിപ്പിക്കും. പുനരധിവാസ പാക്കേജില്‍ ജീവനോപാധികള്‍ ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. വാടക കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെക്കൂടി പുനരധിവാസത്തിന്‍റെ ഭാഗമായി സംരക്ഷിക്കും.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നത അധികാരസമിതി ആയിരിക്കും പദ്ധതിക്ക് മേല്‍നോട്ടം നല്‍കുന്നത്. രണ്ട് ടൗണ്‍ഷിപ്പിലുംകൂടി 1000 വീടുകള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി സ്പോണ്‍സര്‍മാർ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ സ്വീകരിക്കാൻ പ്രത്യേക സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.