പകൽക്കൊള്ളയെന്ന് തെളിയിച്ച് ക്രിസ്ത്യൻ മാനേജ്മെൻറുകൾ
text_fieldsകൊച്ചി: എം.ബി.ബി.എസ് പ്രവേശനത്തിന് ഉയർന്ന ഫീസ് വേണമെന്ന സ്വാശ്രയ മെഡിക്കൽ കോളജുകളുടെ വാദം, വിഷയത്തിൽ ക്രിസ്ത്യൻ മാനേജ്മെൻറുകൾ സ്വീകരിച്ച നിലപാടിലൂടെ പകൽക്കൊള്ളയെന്ന് തെളിയുന്നു. കഴിഞ്ഞവർഷം 10 ലക്ഷം രൂപ ഫീസ് വാങ്ങിയിരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം വരെ വാങ്ങാമെന്ന സുപ്രീം കോടതി വിധി സമ്പാദിച്ച മാനേജ്മെൻറുകൾ ഉയർന്ന ഫീസിന് ആധാരമായി പറയുന്ന പല കാര്യങ്ങളും വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റ് കോളജുകളുടെ അതേ നിലവാരവും സൗകര്യങ്ങളും പഠനമികവുമെല്ലാം നിലനിർത്തിയാണ് അഞ്ച് ലക്ഷം രൂപ മതിയെന്ന് നാല് കോളജ് തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്.
തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്, കോലഞ്ചേരിയിലെ മലങ്കര ഒാർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളജ്, തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കൽ കോളജ് എന്നിവയാണ് ഇൗ വർഷം എം.ബി.ബി.എസ് പ്രവേശനത്തിന് അഞ്ചുലക്ഷം രൂപ മതിയെന്ന് തീരുമാനിച്ചത്. ഉയർന്ന ഫീസിന് ആധാരമായി മറ്റ് കോളജുകൾ ചൂണ്ടിക്കാട്ടുന്ന സാഹചര്യങ്ങളെല്ലാം തങ്ങൾക്കും ബാധകമാണെങ്കിലും കുറഞ്ഞ ഫീസ് എന്ന നിലപാടിൽ ഇൗ കോളജുകൾ ഉറച്ചുനിൽക്കുകയായിരുന്നു. പ്രവർത്തനച്ചെലവ് വർധിച്ചിട്ടുണ്ടെങ്കിലും തങ്ങൾ നിശ്ചയിച്ച ഫീസിൽ അത് തരണം ചെയ്യാവുന്നതേയുള്ളൂ എന്നാണ് 10 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഇൗ കോളജുകൾ വ്യക്തമാക്കുന്നത്. ഉയർന്ന ഫീസിനുവേണ്ടി വാദിക്കുന്ന ഇതര കോളജുകളെപ്പോലെ മറ്റ് താൽപര്യങ്ങൾ തങ്ങൾക്കില്ലെന്നും ഇവർ പറയുന്നു.
ശമ്പളമടക്കം ചില കാര്യങ്ങളിൽ മറ്റ് കോളജുകൾക്ക് ചെലവ് അൽപം കൂടുമെങ്കിലും ഇത്രയും ഉയർന്ന ഫീസ് ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രിൻസിപ്പൽമാരുടെ ശമ്പളത്തിലാണ് ക്രിസ്ത്യൻ മാനേജ്മെൻറ് കോളജുകളെ അപേക്ഷിച്ച് മറ്റ് കോളജുകളിൽ കാര്യമായി അന്തരമുള്ളത്.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് നാല് കോളജിൽ രക്ഷിതാക്കൾക്ക് താങ്ങാവുന്ന ഫീസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് കേരള ക്രിസ്ത്യൻ പ്രഫഷനൽ കോളജ് മാനേജ്മെൻറ്സ് ഫെഡറേഷൻ (കെ.സി.പി.സി.എം.എഫ്) കോഒാഡിനേറ്റർ പി.ജെ. ഇഗ്നേഷ്യസ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങളും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രശ്നങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. അഞ്ച് ലക്ഷം ഫീസ് വാങ്ങി സൗകര്യങ്ങളും നിലവാരവും ഒട്ടും കുറക്കാതെ വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കാനാകുമെന്നാണ് തങ്ങളുടെ അനുഭവമെന്നും ഇഗ്നേഷ്യസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.