ചില തിരുമേനിമാരുടെ ബി.ജെ.പി പ്രേമം കോൺഗ്രസിെൻറ ആപ്പീസ് പൂട്ടിക്കുമെന്ന് കെ ടി ജലീൽ, തള്ളിപ്പറയാൻ യു.ഡി.എഫ് നേതൃത്വം തയ്യാറാകണം
text_fieldsകോഴിക്കോട്: ചില തിരുമേനിമാരുടെ ബി.ജെ.പി പ്രേമം കോൺഗ്രസിെൻറ ആപ്പീസ് പൂട്ടിക്കുമെന്ന് കെ.ടി. ജലീൽ എം.എൽ.എ വിരലിലെണ്ണാവുന്ന പുരോഹിതൻമാരുടെ ബി.ജെ.പി പ്രേമത്തെ തള്ളിപ്പറയാൻ യു.ഡി.എഫ് രാഷ്ട്രീയ നേതൃത്വം ഒരു നിമിഷം പോലും വൈകരുതെന്നും കെ ടി ജലീൽ ഫേസ് ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കുറിപ്പിെൻറ പൂർണരൂപം
ഇതുവരെ കാര്യം നിസ്സാരമായി കണ്ടവർ യാഥാർത്ഥ്യം തിരിച്ചറിയണം. കോൺഗ്രസ്സിൻ്റെ കേരളത്തിലെ രാഷ്ട്രീയ അടിത്തറയാണ് തകരുന്നത്. ഒരേഒരാശ്വാസം ജനങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരൊറ്റ നേതാവ് മലയാളക്കരയിൽ ബി.ജെ.പിക്കില്ല എന്നുള്ളതാണ്.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ പോലെ മുസ്ലിംലീഗും ഇടതുമുന്നണിയുടെ ഭാഗമാകണം. അസ്ഥിപഞ്ജരമായ കേരളത്തിലെ കോൺഗ്രസ്സിനെ ആരോഗ്യവതിയാക്കാൻ ലീഗല്ല ആര് വിചാരിച്ചാലും കഴിയില്ല. മൃതദേഹത്തിൽ നിന്ന് പേനിറങ്ങുന്നത് പോലെയാണ് കോൺഗ്രസ്സിൽ നിന്നുള്ള ആളുകളുടെ കുടിയിറക്കം.
ചില തിരുമേനിമാരുടെ ബി.ജെ.പി പ്രേമം കോൺഗ്രസ്സിൻ്റെ ആപ്പീസ് പൂട്ടിക്കും. തങ്ങൾ അകപ്പെട്ട കേസു കൂട്ടങ്ങളിൽ നിന്ന് തടിയൂരാനാണ് പുതിയ മോദി സ്തുതി. ഇത് തിരിച്ചറിയാൻ അഭിമാന ബോധമുള്ള ക്രൈസ്തവർക്കാകും.
മുസ്ലിം-ക്രൈസ്തവ അകൽച്ച മുതലെടുത്ത് നേട്ടം കൊയ്യാനുള്ള ബി.ജെ.പി നീക്കത്തിന് തടയിടാൻ ഇരു സമുദായങ്ങളിലെയും വിവേകികളായ രാഷ്ട്രീയ നേതാക്കൻമാർ രംഗത്തുവരണം. പുരോഹിതൻമാരുടെ സ്വർത്ഥ താൽപര്യങ്ങൾക്ക് വിശ്വാസികളെ വിട്ട് കൊടുത്ത് മിണ്ടാതിരിക്കരുത്. സമാന്തര കേമ്പയിൻ എത്രയും വേഗം ആരംഭിക്കണം.
വിരലിലെണ്ണാവുന്ന പുരോഹിതൻമാരുടെ ബി.ജെ.പി പ്രേമത്തെ തള്ളിപ്പറയാൻ യു.ഡി.എഫ് രാഷ്ട്രീയ നേതൃത്വം ഒരു നിമിഷം പോലും വൈകരുത്. ബി.ജെ.പിയുടെ ആലയത്തിൽ സാധാരണ ഭക്തർ എത്തിപ്പെടുന്നതിന് മുമ്പ് തുടങ്ങണം രാഷ്ട്രീയ പ്രചരണം. ഫാഷിസ്റ്റ് വലയിൽ വീണാൽ അവരെ തിരിച്ചു പിടിക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവരും. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ പിന്നീട് ഖേദിക്കും.
എത്ര തലകുത്തി മറിഞ്ഞാലും ആരെ വിലക്കെടുത്താലും ബി.ജെ.പി കേരളത്തിൽ രക്ഷപ്പെടില്ല. ആ പൂതി മനസ്സിൽ വെച്ചാൽ മതി. ശ്രീനാരായണ ഗുരുവും മന്നത്ത് പത്മനാഭനും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനും ചാവറയച്ഛനും മമ്പുറം സയ്യിദ് അലവിക്കോയ തങ്ങളും വക്കം മൗലവിയും ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയും ഉഴുതുമറിച്ച സൗഹാർദ്ദത്തുരുത്താണ് മലയാളികളുടെ മാതൃഭൂമി. എ.കെ.ജിയും, ഇ.എം.എസ്സും, സി അച്ചുതമേനോനും വി.ആർ കൃഷ്ണയ്യരും ജോസഫ് എം മുണ്ടശ്ശേരിയും കെ.ആർ ഗൗരിയമ്മയും സി കേശവനും പട്ടം താണുപിള്ളയും ആർ ശങ്കറും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും ബാഫഖി തങ്ങളും കെ.എം സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയും പി.ടി ചാക്കോയും ടി.വി തോമസും കെ.എം മാണി സാറും മതേതരവൽക്കരിച്ച മണ്ണാണിത്. ഇവിടെ മോദിയുടെയും അമിത്ഷായുടെയും കുത്തിത്തിരിപ്പിൻ്റെ പരിപ്പ് വേവില്ല.
മാർ ആലഞ്ചേരി പിതാവിനോട് ഒരു കാര്യം: മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇതര മതസ്ഥരെ ഓടിക്കുന്നുവെന്ന് അങ്ങ് പറഞ്ഞതായി വായിക്കാനിടയായി. അങ്ങിനെ അങ്ങ് പറഞ്ഞിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മറിച്ചാണെങ്കിൽ ഏത് മുസ്ലിം രാജ്യത്ത് നിന്നാണാവോ സഹോദര മതസ്ഥരെ ഓടിക്കുന്നതെന്ന് പറഞ്ഞ് തന്നാൽ നന്നാകും. സാക്ഷാൽ മക്കയും മദീനയും നിലകൊള്ളുന്ന സൗദ്യ അറേബ്യയിൽ നിന്ന് ഓടിക്കപ്പെട്ട ഒരു ക്രൈസ്തവ കുടുംബത്തെയോ ഹൈന്ദവ കുടുംബത്തെയോ ചൂണ്ടിക്കാണിച്ച് തരാൻ അങ്ങേക്കാകുമോ പിതാവേ? യു.എ.ഇ.യിൽ നിന്നോ ഖത്തറിൽ നിന്നോ കുവൈത്തിൽ നിന്നോ ബഹറൈനിൽ നിന്നോ ഒമാനിൽ നിന്നോ മലേഷ്യയിൽ നിന്നോ ബാംഗ്ലാദേശിൽ നിന്നോ ഓടിക്കപ്പെട്ട ഒരു മലയാളി ക്രൈസ്തവ-ഹൈന്ദവ കുടുംബത്തെ കുറിച്ച് താങ്കൾക്ക് ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ തിരുമേനി?
അപ്പോൾ കാണുന്നവനെ ''അപ്പാ" എന്ന് വിളിക്കുന്നത് ഒരുതരം തല മറന്ന് എണ്ണ തേക്കലാണ്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ക്രൈസ്തവ-ഹൈന്ദവ സഹോദരങ്ങളാണ് ആലഞ്ചേരി പിതാവിൻ്റെ പ്രസ്താവന സത്യമാണെങ്കിൽ മറുപടി നൽകേണ്ടത്. അതവർ ചെയ്യുമെന്നാണ് എൻ്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.