ഉറ്റവരും ബന്ധുക്കളും സ്ഥലത്തില്ല; ക്രിസ്ത്യൻ വയോധികയുടെ അന്ത്യകർമങ്ങൾ മദ്റസയിൽ
text_fieldsഎടവണ്ണപ്പാറ (മലപ്പുറം): എടവണ്ണപ്പാറക്കടുത്ത് ചീക്കോട് പഞ്ചായത്തിലെ പൊന്നാട് തഹ്‌ലീമുൽ ഇസ്‌ലാം മദ്റസ ഇന്ന് പതിവില്ലാത്ത ഒരു ചടങ്ങിന് വേദിയായി. ഇവിടെ തനിച്ച് താമസിച്ചിരുന്ന 72കാരി ബ്രിഡ്ജറ്റ് റിച്ചാർഡിെൻറ അന്ത്യകർമങ്ങൾക്കാണ് മദ്റസ സാക്ഷിയായത്.
വെള്ളിയാഴ്ച രാത്രിയാണ് ക്രിസ്തുമത വിശ്വാസിയായ ബ്രിഡ്ജറ്റ് മരിച്ചത്. ഉറ്റവരും ബന്ധുക്കളും സ്ഥലത്തില്ലാത്തതിനാൽ മൃതദേഹ പരിപാലനത്തിന് നേതൃത്വം നൽകിയത് നാട്ടുകാരായ സ്ത്രീകളാണ്. ശനിയാഴ്ച് വൈകീട്ട് കോഴിക്കോട്ട് സംസ്കാരം നടത്താനായിരുന്നു തീരുമാനം. വെള്ളിയാഴ്ച രാത്രി മുതൽ മൃതദേഹം സൂക്ഷിക്കാൻ സി.എച്ച് സെൻററിെൻറ ഫ്രീസറെത്തിച്ചു. എന്നാൽ, വെക്കാൻ വീട്ടിൽ ഇടമില്ലാത്തതോടെ തൊട്ടടുത്ത മദ്റസയിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി ക്ലാസ് റൂം തുറന്നുനൽകി.
അന്ത്യകർമങ്ങളുടെ ആദ്യ ശുശ്രൂഷകളെല്ലാം നടന്നത് മദ്റസയിലാണ്. സഹോദരപുത്രൻ ജുനുവിെൻറ ഭാര്യ മിനിയും നാട്ടുകാർക്കൊപ്പം കർമങ്ങൾ നിർവഹിച്ചു. ഉച്ചക്കുശേഷം കൊണ്ടുപോയ മൃതദേഹം കോഴിക്കോട് വെസ്റ്റ് ഹിൽ സി.എസ്.ഐ സെമിത്തേരിയിലാണ് സംസ്കരിച്ചത്. മഞ്ചേരിയിൽ ഹോസ്റ്റൽ വാർഡനായി സേവനമനുഷ്ഠിച്ചിരുന്ന ബ്രിഡ്ജറ്റ് വിരമിച്ചതോടെ തനിച്ചായി. മഞ്ചേരി സ്വദേശിയായിരുന്ന ഭർത്താവ് സുന്ദരൻ നേരത്തേ മരിച്ചിരുന്നു. കുട്ടികളില്ലാത്ത ഇവർക്ക് കൂട്ടായുണ്ടായിരുന്നതും നാട്ടുകാരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.