ശിശുക്ഷേമ സമിതിയിൽ കുഞ്ഞുമാലാഖമാരുടെ ക്രിസ്മസ് ആഘോഷം
text_fieldsതിരുവനന്തപുരം: വെൺമയുള്ള കുഞ്ഞുടുപ്പിനേക്കാൾ നിർമലമായിരുന്നു അവരുടെ ഹൃദയങ്ങൾ. ക്രിസ്മസ് പാപ്പ തൊപ്പിയും തൂവെള്ള ഉടുപ്പുകളുമണിഞ്ഞ് അവർ ഒരുങ്ങിനിന്നു. വർണാഭമായ ഉടുപ്പുകളണിഞ്ഞ് കുഞ്ഞുസുന്ദരന്മാരും സുന്ദരിമാരും അണിനിരന്ന സായാഹ്നം ശിശുക്ഷേമ സമിതിയിൽ പുതിയൊരു സ്വർഗം തീർത്തു. സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികൾക്കായി സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷ ചടങ്ങിലായിരുന്നു ഈ വേറിട്ട അനുഭവം.
നാലു വയസ്സുമുതൽ ഒമ്പത് വരെയുള്ള കുസൃതി കുടുക്കകളുടെ ചിരികളിൽ അലിഞ്ഞ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ചുമതലയുണ്ടായിരുന്ന മുൻ മന്ത്രി കെ.കെ. ശൈലജ എം.എൽ.എ ആണ് കേക്ക് മുറിച്ചത്. ആഘോഷത്തിൽ പങ്കുചേർന്ന യാഷിനും സൂര്യകിരണിനും പ്രഗ്യാൻ ചന്ദ്രക്കും സമിതിയിൽ അവസാനത്തെ ആഘോഷദിനമായിരുന്നു. തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്ന് ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി അവർ വ്യാഴാഴ്ച പടിയിറങ്ങുകയാണ്. യാഷ് പുതുച്ചേരിയിലേക്കും സൂര്യകിരൺ കണ്ണൂരിലേക്കും പ്രഗ്യാൻ ചന്ദ്ര തൂത്തുക്കുടിയിലേക്കുമാണ് മാതാപിതാക്കളുടെ കൈപിടിച്ച് സമിതിയിൽനിന്ന് പടിയിറങ്ങിയത്. മാനവും മറഡോണയും അടുത്ത ദിവസങ്ങളിൽ തന്നെ ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി സമിതിയിൽനിന്ന് പോകും.
വൈഷ്ണവി, മിന്നു, നേഹ, ബബിത, ധ്വനി, അഭികാമി, ആദിത്യൻ, ശ്രീജിത്ത് വൈശാഖ്, ആരോമൽ, മാനവ്, അഭിനവ് തുടങ്ങി മുതിർന്ന ചേട്ടനും ചേച്ചിമാരോടൊപ്പം അതുൽ കൃഷ്ണ, അവനിക, നന്മ, മയൂഖ, ഡീഗോ മറഡോണ, റിയോശിഖ, വിശ്വ, ശിവാനി, സച്ചിൻ തുടങ്ങി നാൽപത് ഇളം പ്രായക്കാരാണ് അമ്മമാരുടെ കൈപിടിച്ച് ക്രിസ്മസ് ആഘോഷിച്ചത്. പരിപാടികളിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി, ട്രഷറർ കെ. ജയപാൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.