ക്രിസ്മസ്-പുതുവത്സര ലഹരിയൊഴുക്ക്; നടപടികൾ കർശനമാക്കുന്നു
text_fieldsക്രിസ്മമസ്- പുതുവർഷ വിൽപനക്കെത്തിച്ച കർണാടക മദ്യം,
കാസര്‍കോട്: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്കായുള്ള ലഹരിയൊഴുക്കു തടയാൻ കർശന നടപടികൾക്ക് തുടക്കം. ജില്ലയിൽ വിവിധ ഭാഗങ്ങളിലാണ് എക്സൈസ് പരിശോധനയിൽ കഞ്ചാവ് കൃഷി ഉൾപ്പെടെ കണ്ടെത്തി. ചട്ടഞ്ചാല്‍-ദേളി റോഡില്‍ ചട്ടഞ്ചാലിൽ ഞായർ രാത്രി നടത്തിയ പരിശോധനയില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 33.57 ലിറ്റര്‍ കര്‍ണാടക നിർമിത മദ്യം പിടികൂടി. സംഭവത്തില്‍ ചെര്‍ക്കള കെ.കെ. പുറത്തെ കെ.ജി. ഹരിപ്രസാദിനെ(45) അറസ്റ്റുചെയ്തു. എക്സൈസ് കാസര്‍കോട് റേഞ്ച് അസി. ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവുമാണ് പരിശോധന നടത്തിയത്.
മറ്റൊരിടത്ത്, 180 മില്ലിയുടെ 50 കുപ്പി ഗോവന്‍ നിർമിത മദ്യവുമായി യുവാവിനെ അറസ്റ്റുചെയ്തു. പട്ള കൊല്യയിലെ കെ.സി. സന്ദീപിനെയാണ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റുചെയ്തത്.
വില്പനക്കായി സൂക്ഷിച്ച മദ്യമാണ് പിടിച്ചത്. 180 മില്ലിയുടെ 82 ടെട്രാ പാക്കറ്റ് കര്‍ണാടക മദ്യവുമായി കൂഡ്ലുവിലെ രാജേന്ദ്രനെ (43) കാസര്‍കോട് എക്സൈസ് ഓഫിസര്‍ മോഹനനും സംഘവും പിടികൂടി. കഴിഞ്ഞദിവസം കൂഡ്ലു കുട്ടജ കട്ടക്ക് സമീപം കിണറിനടുത്ത് വെച്ചാണ് മദ്യം പിടിച്ചത്.
കഞ്ചാവ് ചെടി കണ്ടെത്തി
എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആൻഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. രാധാകൃഷ്ണനും സംഘവും നടത്തിയ പരിശോധനയിൽ കഞ്ചാവ് കൃഷി കണ്ടെത്തി. ഉദുമ പടിഞ്ഞാറിലെ സ്വകാര്യ പുരയിടത്തോട് ചേര്‍ന്ന പറമ്പിലാണ് 1.5 മീറ്റര്‍ നീളവും 25 സെന്റീമീറ്റര്‍ വീതിയുമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്തു. പ്രിവന്റിവ് ഓഫിസര്‍ കെ.വി. മുരളി, സിവില്‍ ഓഫിസര്‍മാരായ കെ.ആര്. പ്രജിത്, മഞ്ചുനാഥന്‍, സോനു സെബാസ്റ്റ്യന്‍, വനിതാ ഓഫിസര്‍ മെയ്മോള്‍ ജോണ്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.
എക്സൈസ് ഉദുമയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി
കുമ്പള: 50 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ഉപ്പള പച്ചിലമ്പാറയിലെ മുഹമ്മദ് അഷ്ഫാഖ് (45) അറസ്റ്റിലായി. സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന അഷ്ഫാഖിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഉപ്പളയിലും പരിസരത്തും കഞ്ചാവ് വിൽപന വര്‍ധിച്ചതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി. പ്രസന്നകുമാറും സംഘവും മേഖലയിൽ പരിശോധന കര്‍ശനമാക്കി. വീടുകള്‍ കേന്ദ്രീകരിച്ച് ചെറുപാക്കറ്റുകളാക്കി വിൽപനക്ക് എത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.