ക്രിസ്മസ് അവധി: ട്രെയിൻ യാത്ര വീണ്ടും ‘വാഗൺ ട്രാജഡി’
text_fieldsകോഴിക്കോട്:ക്രിസ്മസ് അവധിയിൽ ആവശ്യത്തിന് ട്രെയിനുകൾ അനുവദിക്കാത്തത് യാത്രക്കാരെ വലക്കുന്നു. ജനറൽ കംപാർട്ടുമെന്റുകളിൽ കയറിപ്പറ്റാൻ യാത്രക്കാർ ജീവൻമരണ പോരാട്ടം നടത്തുന്ന അവസ്ഥയാണ്. വാഗൺ ട്രാജഡിയായി മാറുന്ന അവസ്ഥയിലാണ് വീണ്ടും മലബാറിലെ ട്രെയിനുകൾ. പുതുവത്സര-ക്രിസ്മസ് അവധിയെടുത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ അടക്കമുള്ളവർ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങിയതോടെ ട്രെയിനുകളിൽ കയറിപ്പറ്റാൻ കഴിയാതെ വലയുകയാണ് ജനം.
റിസർവ് ടിക്കറ്റുകൾ രണ്ടു മാസം മുമ്പ് തന്നെ തീർന്നിരുന്നു. നാമമാത്ര അധിക കോച്ചുകൾ അനുവദിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. അഞ്ചുമണിക്ക് കോഴിക്കോട് എത്തുന്ന പരശുറാം എക്സ് പ്രസിൽ അനുവദിച്ചിരുന്ന രണ്ട് അധിക കോച്ചുകൾ മണിക്കൂറുകൾക്കകം റെയിൽവേ പിൻവലിക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി സർവിസ് നിർത്തിവെച്ച എക്സ്പ്രസ് ട്രെയിനുകളുടെ സർവിസ് പുനരാരംഭിക്കാത്തതും പ്രതിസന്ധി കൂട്ടി. ജനറൽ കംപാർട്ട് മെന്റുകൾ നാമമാത്രമായതാണ് സാധാരണക്കാരുടെ യാത്ര ഏറെ ദുഷ്കരമാകുന്നത്.
എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രാ സൗകര്യങ്ങൾ പോലും കോഴിക്കോടിന് അനുവദിച്ചു കിട്ടിയിട്ടില്ല. മലബാർ മേഖലയിൽ നിന്നുള്ള എം.പിമാർ കാര്യക്ഷമമായി ഇടപെടാത്തതാണ് ഈ അവഗണനക്ക് ആക്കം കൂട്ടുന്നതെന്നും ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മകൾ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ഓണം അവധിക്കാലത്തും യാത്രാ സൗകര്യമില്ലാതെ ആളുകൾ വലഞ്ഞത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നിട്ടും ഇത്തവണയും കാര്യങ്ങൾ പഴയപടി തന്നെയാണ്. എന്നാൽ, മലബാറിനോട് അവഗണനയില്ലെന്നും തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽ കൂടുതൽ യാത്രക്കാർ ഉള്ളതുകൊണ്ടാണ് കൂടുതൽ സർവിസുകൾ ലഭിക്കുന്നതെന്നുമാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.
ക്രിസ്മസിന് സ്പെഷൽ വന്ദേഭാരത് ട്രെയിന്‍
കോഴിക്കോട്: കോഴിക്കോട്ടേക്ക് ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വിസ് അനുവദിച്ചു. ഏറെ തിരക്കേറിയ സമയമായിട്ടും ഒറ്റ സർവിസ് മാത്രമാണ് അനുവദിച്ചത്. ഡിസംബർ 25ന് ചെന്നൈ സെൻട്രലിൽനിന്ന് കോഴിക്കോട്ടേക്കാണ് ട്രെയിൻ സര്‍വിസ് അനുവദിച്ചിരിക്കുന്നത്. പുലര്‍ച്ചെ 4.30ന് ചെന്നൈയിൽനിന്ന് ട്രെയിന്‍ പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 3.20ന് കോഴിക്കോട്ടെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.