രണ്ടര ഏക്കറിൽ വിസ്മയക്കാഴ്ച ഒരുക്കി ക്രിസ്മസ് വില്ലേജ്
text_fieldsഅങ്കമാലി: മലനിരകൾ, 40 അടി ഉയരമുള്ള വെള്ളച്ചാട്ടം, അരുവി, നെൽപ്പാടം, കടൽ, കുടിലുകൾ, കൊട്ടാരം, ജൂതത്തെരുവ്, കച്ചവട കേന്ദ്രം, പാലങ്ങൾ തുടങ്ങിയ വിസ്മയക്കാഴ്ചകളുമായി ക്രിസ്മസ് വില്ലേജ് ഒരുങ്ങുന്നു. പുത്തൻവേലിക്കര പഞ്ചായത്തിലെ കീഴുപ്പാടം സൽബുദ്ധിമാതാ പള്ളിയുടെ അധീനതയിലുള്ള രണ്ടര ഏക്കർ റബർ തോട്ടത്തിലാണ് വിസ്മയ, ആനന്ദക്കാഴ്ചകളുമായി ക്രിസ്മസ് വില്ലേജ് തയാറാകുന്നത്.
ശനിയാഴ്ച വൈകിട്ട് ആറിന് കോട്ട പ്പുറം രൂപത ചാൻസലർ ഫാ. ഡോ.ബെന്നി വാഴക്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും. ജനുവരി രണ്ട് വരെ വില്ലേജ് പ്രവർത്തിക്കും. ആന, പുലി എന്നിവയുടെ ചലിക്കുന്ന ശിൽപങ്ങൾ, കുതിര, പശു, ആട് തുടങ്ങിയ യഥാർഥ മൃഗങ്ങൾ എന്നിവയും വില്ലേജിലുണ്ടാകും.
മികച്ച വെളിച്ച സംവിധാനങ്ങളാണ് ഒരുക്കുന്നത്. 1000 കവുങ്ങുകളും 400 തെങ്ങുകളും ഉപയോഗിച്ചാണ് മലനിരകൾ നിർമ്മിക്കുന്നത്. അതിനായി ഏഴ് ടോറസ് ചകിരിച്ചോറാണ് തമിഴ്നാട്ടിൽനിന്ന് എത്തിച്ചത്.
വില്ലേജിന്റെ ഒരു ഭാഗത്ത് അവതാർ സിനിമയുടെ സെറ്റ് അനുസ്മരിപ്പിക്കുന്ന ചെറുരൂപം ഒരുക്കിയിട്ടുണ്ട്. മനോഹരമായ നടവഴികളിലൂടെ മനം നിറയുന്ന വർണ കാഴ്ചകൾ കാണാം. വികാരി ഫാ. ആന്റണി ചില്ലിട്ടശേരി, ആർട്ടിസ്റ്റ് ജോബി കോളരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിൽ മൂന്നു മാസമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെ 100 ഓളം പേരാണ് ദിവസേന നിർമാണ പ്രവർത്തനങ്ങൾക്ക് എത്തുന്നത്.
ദിവസും വൈകിട്ട് ആറ് മുതൽ രാത്രി 11 വരെ 10 ദിവസമാണ് വില്ലേജ് പ്രവർത്തിക്കുകയെന്ന് ഇടവക വികാരി ഫാ.ആൻറണി ചില്ലിട്ടശ്ശേരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. കലാപരിപാടികൾ, ഗെയിംസ്, നാടൻ ഭക്ഷ്യ വിഭവങ്ങളുടെ ഫുഡ് കോർട്ട് എന്നിവയുമുണ്ടാകും. സാമുവൽ കുര്യാപ്പിള്ളി, പി.ജെ. തോമസ്, സേവി പടിയിൽ, ടൈസൻ പുത്തൻവീട്ടിൽ, അഖിൽ ഫ്രാൻസിസ് മുട്ടിക്കൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.