സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു, ഇനിയൊരിക്കലും ആ പണി ചെയ്യില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്
text_fieldsകോഴിക്കോട്: താൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചെന്നും ഇനിയൊരിക്കലും ആ പണി ചെയ്യില്ലെന്ന് തീരുമാനിച്ചെന്നും എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. ആശാൻ കവിതയെക്കുറിച്ച് തുഞ്ചൻപറമ്പിൽ പ്രഭാഷണം നടത്താൻ എം.ടി വാസുദേവൻ നായരുടെ നിർദേശ പ്രകാരം വിളി വന്നപ്പോഴാണ് ചുള്ളിക്കാട് ഈ മറുപടി നൽകിയത്. എം.ടിയുമായുള്ള സ്നേഹാദരപൂർണമായ വ്യക്തിബന്ധത്തെ കുറിച്ച് പരാമർശിക്കുന്ന കുറിപ്പിൽ, 'പ്രിയപ്പെട്ട എം.ടി വാസുദേവവൻ നായർ, അങ്ങ് എന്നോടു സർവാത്മനാ ക്ഷമിക്കണം' എന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു.
ഈയിടെ സമൂഹത്തിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നുള്ള ചുള്ളിക്കാടിന്‍റെ കുറിപ്പ് സുഹൃത്ത് ഡോ. തോമസ്. കെ.വിയാണ് ഫേസ് ബുക്കിൽ പങ്കുവെച്ചത്.
ചുള്ളിക്കാടിന്‍റെ കുറിപ്പിൽ പറയുന്നതിങ്ങനെ
ബാല്യം മുതൽ എം.ടി വാസുദേവൻനായരുടെ വായനക്കാരനായിരുന്നു ഞാൻ. 1980 ൽ ഞാൻ ആലുവാ യു. സി.കോളജിൽ പഠിക്കുമ്പോഴാണ് ഒരു കവിയരങ്ങിലേക്കു ക്ഷണിച്ചുകൊണ്ട് എം.ടി. വാസുദേവൻനായരുടെ ഒരു കത്ത് എനിക്കു കിട്ടുന്നത്. അന്ന് എം.ടി.സാറിനെ വ്യക്തിപരമായി പരിചയമില്ലാതിരുന്ന എന്നെ ആ ക്ഷണം വലിയ ഒരംഗീകാരമായി സന്തോഷിപ്പിച്ചു. അന്നുമുതൽ സ്നേഹാദരപൂർണമായ വ്യക്തിബന്ധം അദ്ദേഹത്തോടു ഞാൻ പുലർത്തിപ്പോരുന്നു. ഞാൻ 'മാഷേ' എന്നാണ് അദ്ദേഹത്തെ വിളിക്കുക.
പിന്നീട് തുഞ്ചൻ പറമ്പിൽ സാഹിത്യപ്രഭാഷണങ്ങൾക്കായി അനേകം പ്രാവശ്യം അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. അനേകം പ്രഭാഷണങ്ങൾ അവിടെ ഞാൻ നടത്തിയിട്ടുണ്ട്. കുറച്ചുനാൾ മുമ്പ് അദ്ദേഹം എന്നെ വിളിച്ചു: "ഷേക്സ്പിയറെക്കുറിച്ച് ഒരു പ്രഭാഷണം ബാലൻ നടത്തണം."
ഞാൻ വിനയപൂർവ്വം പറഞ്ഞു: "അതിനു വേണ്ടത്ര അറിവും ആത്മവിശ്വാസവും എനിക്ക് ഇല്ല മാഷേ."
അപ്പോൾ അദ്ദേഹം പറഞ്ഞു: "എന്നാൽ ആശാൻകവിതയെക്കുറിച്ച് ആയാലോ? "അതാവാം." ഞാൻ ഉൽസാഹത്തോടെ പറഞ്ഞു.
ഇന്ന് തുഞ്ചൻപറമ്പിൽ നിന്ന് ശ്രീകുമാർ വിളിച്ചുചോദിച്ചു: "എം.ടി സാർ പറഞ്ഞിരുന്ന ആ പ്രഭാഷണം നമുക്ക് എന്നു നടത്താം എന്ന് അദ്ദേഹം ചോദിക്കുന്നു."
ഞാൻ ഇങ്ങനെ മറുപടി നൽകി: "ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല എന്നു തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം. ഈയിടെ സമൂഹത്തിൽനിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്കു നയിച്ചത്."
പ്രിയപ്പെട്ട എം.ടി.വാസുദേവവൻ നായർ, അങ്ങ് എന്നോടു സർവാത്മനാ ക്ഷമിക്കണം. ഞാൻ കാർവാടകപോലും അർഹിക്കുന്നില്ല എന്നു വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യപ്രഭാഷകനായി വന്നുനിൽക്കാൻ ഇനിയൊരിക്കലും ഞാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.