കവിതയുടെ പേര് തോട്ടി; സമർപ്പണം ലോറൻസിന്
text_fieldsകൊച്ചി: ‘കൊച്ചിയുടെ അടിപ്പടവില്‍ മലം നിറച്ച പാട്ടയുമായി അയാള്‍ നിന്നു’. ബാലചന്ദ്രന് ചുള്ളിക്കാട് എഴുതിയ ‘തോട്ടി’ എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. ഗാന്ധിയും നാരായണഗുരുവും കടന്നു വരുന്ന, ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഈ കവിതയിൽ അടിമുടി നിറയുന്നത് സഖാവ് എം.എം. ലോറൻസ് ആണ്.
തോട്ടിത്തൊഴിലാളികള്‍ അനുഭവിച്ച അടിച്ചമര്‍ത്തലുകളും അവരെ കൈപിടിച്ചുയര്‍ത്താനുള്ള ലോറന്‍സിന്റെ ശ്രമങ്ങളും കവിതയിലൂടെ ചുള്ളിക്കാട് വരച്ചുകാട്ടുന്നുണ്ട്. തോട്ടിപ്പണിക്കാരുടെ യൂനിയൻ സംഘടിപ്പിച്ച സഖാവ് എം.എം. ലോറൻസിന് എന്ന മുഖവുരയോടെയാണ് കവിതയുടെ തുടക്കം.
‘അപ്പോൾ കൊച്ചിയുടെ പിത്തംപിടിച്ച മണ്ണ്
നീരുകെട്ടിയ കാലുകൾ കവച്ചുനിന്ന്
അലറിക്കൊണ്ട്
ലോറൻസ് ചേട്ടനെ പെറ്റു
പൊക്കിളില്‍നിന്ന് ചെങ്കൊടി
വലിച്ചൂരിയെടുത്തുയര്‍ത്തിപ്പിടിച്ച്
ഭൂമിയുടെ പടവുകളിറങ്ങിച്ചെന്ന്
കുപ്പയാണ്ടിയുടെ തോളില്‍ കൈവെച്ച്
ലോറന്സ്ചേട്ടന് വിളിച്ചു
സഖാവേ...
അയാൾ ആദ്യമായി
പാതാളത്തിൽനിന്ന് കണ്ണുകളുയർത്തി
മലത്തില്‍നിന്ന് മാനത്തേക്കുനോക്കി
സൂര്യന് അയാളുടെ കണ്ണുകള്‍ക്ക് തീയിട്ടു
കുപ്പയാണ്ടിയുടെ പരമ്പര ഇപ്പോഴും കൊച്ചിയിലുണ്ട്
കോര്‍പറേഷനില്‍ മാലിന്യം നീക്കുന്നു
ലോറന്സുചേട്ടന് തൊണ്ണൂറു കഴിഞ്ഞു
ആണിക്കിടക്കയിൽ മരണകാലം കാത്തുകിടക്കുന്നു’
എന്ന വരിയോടെയാണ് കവിത അവസാനിക്കുന്നത്.
ഇടത് ടൈംലൈനുകളടക്കം കവിത ഏറ്റെടുത്തതോടെ പിന്നീട് വിശദ ചർച്ചകളാണ് കവിതയെക്കുറിച്ച് നടന്നത്. ഒറ്റവായനയില്‍ ഉള്‍ക്കൊള്ളുന്നതിനപ്പുറം ഒട്ടേറെ വിഷയങ്ങളാണ് കവിതയിലെന്ന് നിരൂപകരും അഭിപ്രായപ്പെട്ടു.
കവിതയിലെ അവസാന വരികളും ലോറന്‍സ് തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചുവെന്നതടക്കമുള്ള കാര്യങ്ങൾ കവിതക്ക് പിന്നാലെ ചർച്ചയായി. ഇന്ത്യയിൽ ആദ്യമായി തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചുവെന്ന പരാമർശം ചരിത്രപരമായ അന്വേഷണങ്ങൾക്കും വഴിതുറന്നു.
വാര്‍ധക്യത്തിന്റെ സഹജമായ അവശതകളോടെ കഴിയുന്ന ലോറന്‍സിനെ കാണാന്‍ എത്തിയ ചുള്ളിക്കാട് അദ്ദേഹത്തിന് മുന്നിൽ ഒരിക്കൽ കവിത ചൊല്ലുകയും ചെയ്തിരുന്നു.
ഒതുക്കമുള്ള കവിത എന്നായിരുന്നു ലോറൻസിന്റെ പ്രശംസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.