ചൂരൽമലയും മുണ്ടക്കൈയും പാഠമായി; മുന്നറിയിപ്പ് സംവിധാനവുമായി വയനാട്ടുകാർ
text_fieldsആലപ്പുഴ: മേഘവിസ്ഫോടനവും അതിതീവ്ര മഴയും സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ വരവ് മുൻകൂട്ടി മൊബൈൽ ഫോൺ വിളിച്ചുപറയും. നിനച്ചിരിക്കാത്ത നേരത്ത് ഒഴുകിയെത്തുന്ന ദുരന്തങ്ങളിൽനിന്ന് നാടിനെ രക്ഷിക്കാൻ മുന്നറിയിപ്പ് സംവിധാനവുമായി വയനാട് കൽപറ്റ ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികൾ. തുടർച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളാണ് ‘ഓട്ടോമാറ്റിക് റെയിൻഗേജ്’ സംവിധാനത്തെ സംബന്ധിച്ച ചർച്ചകൾക്ക് സ്കൂളിൽ തുടക്കമിട്ടത്. 35 കിലോമീറ്റർ ദൂരപരിധിയിൽ 400ഓളം ജീവനുകളെടുത്ത ചൂരൽമല ദുരന്തം ചിന്തകൾക്ക് വേഗം പകർന്നു. ബോധവത്കരണം കൂടി ലക്ഷ്യമിടുന്ന പദ്ധതി അവതരിപ്പിക്കാനുള്ള ചുമതല ഒമ്പതാം ക്ലാസ് വിദ്യാർഥികളായ മൊഹിത് പി. ഷാജിയും ശരണ്യയും ഏറ്റെടുക്കുകയായിരുന്നു.
പെയ്തുകൊണ്ടിരിക്കുന്ന മഴയുടെ തത്സമയ അളവ് ദുരന്ത നിവാരണ സംവിധാന ഓഫിസുകളിലേക്ക് നേരിട്ട് ചെല്ലുന്ന തരത്തിലാണ് യന്ത്രം വികസിപ്പിച്ചിരിക്കുന്നത്. മഴയുടെ അളവിൽ വർധനയുണ്ടായാൽ അലാറവും ലൈറ്റുകളും പ്രവർത്തിക്കും. നിലവിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങളില്ലാത്തതാണ് ദുരന്തവ്യാപ്തി വർധിക്കാൻ കാരണമാകുന്നതെന്ന് മൊഹിത്തും ശരണ്യയും പറയുന്നു.
മണ്ണിന്റെ നനവ് 70 ശതമാനത്തിന് മുകളിലേക്ക് എത്തുമ്പോൾ പ്രദേശവാസികളുടെ മൊബൈൽ ഫോണിൽ അലാറം പ്രവർത്തിപ്പിക്കാനാകുമെന്നതാണ് ഇവർ വികസിപ്പിച്ച സംവിധാനത്തിന്റെ പ്രത്യേകത. ഇതോടൊപ്പം പുഴയിലെ വെള്ളത്തിന്റെ അളവ് വർധിക്കുന്നതും അറിയാനാകും. രാത്രികാലത്ത് പുഴയിൽ അളവ് വർധിക്കുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്.
ഇതിനെ മറികടക്കാനാകുന്ന തരത്തിൽ അലാറത്തിനൊപ്പം വെളിച്ച വിന്യാസത്തിലൂടെ അപകട അറിയിപ്പ് നൽകാനാകും. വീടുകളുടെ വാതിൽക്കൽ സ്ഥാപിക്കുന്ന സെൻസറുകളിലൂടെ മുന്നറിയിപ്പ് നൽകാൻ കഴിയുന്ന സംവിധാനവും ഇതിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.